ദുബായിലേക്കുള്ള വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി

single-img
25 February 2019

ധാക്കയില്‍നിന്ന് ദുബായിലേക്കുപോയ വിമാനം റാഞ്ചാന്‍ തോക്കുധാരി നടത്തിയ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബി.ജി 147 വിമാനം റാഞ്ചാനാണ് തോക്കുധാരി ശ്രമിച്ചത്. ധാക്കയില്‍നിന്ന് ചിറ്റഗോങ് വഴി ദുബായിലേക്ക് പോവുകയായിരുന്നു വിമാനം.

വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയ തോക്കുധാരി വിമാനം ഉടന്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വൈകീട്ട് 5.40 ഓടെ വിമാനം ചിറ്റഗോങ്ങില്‍ അടിയന്തരമായി ഇറക്കി. തുടര്‍ന്ന് യാത്രക്കാരും വിമാന ജീവനക്കാരും പൈലറ്റുമാരും എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങി.

പൊലീസും സൈന്യവും വിമാനത്തെ വളഞ്ഞശേഷമാണ് അക്രമിയെ കീഴടക്കിയത്. വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിദേശിയാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളെ വെടിവെച്ചുവീഴ്ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം മുംബൈയിലെ വിമാനക്കമ്പനി ഓഫീസില്‍ ലഭിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഭീഷണി സന്ദേശത്തെ അധികൃതര്‍ അതീവ ഗൗരവമായാണ് കണ്ടത്.

വിമാനത്താവളങ്ങളിലെ സുരക്ഷ ഇതേത്തുടര്‍ന്ന് കര്‍ശനമാക്കിയിരുന്നു. അതിനിടെയാണ് ധാക്കയില്‍നിന്ന് ദുബായിലേക്കുപോയ വിമാനം റാഞ്ചാന്‍ ശ്രമം നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.