നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി

single-img
25 February 2019

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിച്ചു. ഹൈക്കോടതിയാണ് വനിതാ ജഡ്ജിയെ നിയോഗിച്ചത്. ജഡ്ജി ഹണി വര്‍ഗീസിനാണ് ചുമതല. വിചാരണ വേഗം പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു. ആക്രമിക്കപ്പെട്ട നടിയാണ് വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

നടി സമീപിച്ചത് നിയമപരമായ അവകാരങ്ങള്‍ ആവശ്യപ്പെട്ട് മാത്രമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിന് നിയമം അനുവദിക്കുന്നുണ്ട്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എറണാകുളം സിബിഐ കോടതി (3) ലാകും വാദങ്ങള്‍ നടത്തുക.

ദിലീപ് ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. നടിക്ക് മാത്രമായി എന്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ദിലീപ് ചോദിച്ചത്. വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായിരുന്നു ദിലീപിന്റെ അപേക്ഷ. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുമുണ്ടെന്നും നടിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ വിചാരണ വൈകിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.