ഒന്നല്ല രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന്

single-img
25 February 2019

തിരുവനന്തപുരം മംഗളൂരുവും ഉൾപ്പെടെ ആറ് രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ വേണ്ടി നടത്തിയ ഫിനാൻഷ്യൽ ബിഡ്ഡിൽ അഞ്ചിലും അദാനി ഗ്രൂപ്പ് ഒന്നാമതെത്തി. തിരുവനന്തപുരത്ത് പുറമേ മംഗളുരു, അഹമ്മദാബാദ്, ജയ്പുർ, ലഖ്നൗ എന്നീ വിമാനത്താവളങ്ങളുടെ ഫിനാൻഷ്യൽ ബിഡ്ഡിലാണ് അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയത്.

ഗോഹട്ടി വിമാനത്താവളത്തിന്റെ ഫിനാൻഷ്യൽ ബിഡ്ഡിഗ് നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നതിനാല്‍ ഇപ്പോള്‍ നടത്തിയിരിന്നില്ല. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാരും ഫിനാൻഷ്യൽ ബിഡ്ഡിൽ പങ്കെടുത്തിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് ഫിനാൻഷ്യൽ ബിഡ്ഡില്‍ പങ്കെടുത്തത്. എന്നാല്‍ കെ.എസ്.ഐ.ഡി.സി ലേലത്തില്‍ രണ്ടാമതായാണ് എത്തിയത്. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം 28നുണ്ടാകും.

രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയർന്നിരുന്നു. സംസ്ഥാന സർക്കാർ ആദ്യം ഈ നീക്കത്തെ എതിർത്തെങ്കിലും പിന്നീടു നടത്തിപ്പവകാശത്തിനായി ബിഡിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും കെഎസ്ഐഡിസിയുടെ പേരിലാണു ബിഡിൽ പങ്കെടുത്തത്.