സീരിയൽ താരം പ്രതീക്ഷയെ നടൻ ബാല വിവാഹം കഴിച്ചോ

single-img
24 February 2019

സീരിയൽ താരം പ്രതീക്ഷയെ, ബാല വിവാഹം ചെയ്യാൻ പോവുകയാണെന്നും ചെയ്തുവെന്നും തരത്തിലുള്ള വാർത്തകളും വീഡിയോകളും കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെതിരേ ബാല രംഗത്തെത്തി. കുറെ നാളായി തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങൾ എല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുകയാണെന്നും തന്റെ മൗനത്തിനും ഒരുപാട് അർഥങ്ങൾ ഉണ്ടെന്നും തന്നെ വെറുതെ പ്രകോപിപ്പിക്കരുതെന്നും ബാല ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങൾ മൂലം ആ പെൺകുട്ടിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിന് ആര് സമാധാനം പറയുമെന്നും ബാല ചോദിക്കുന്നു.

ബാലയുടെ വാക്കുകൾ

ഇത്രയും നാൾ ഇങ്ങനെയുള്ള വീഡിയോ ഒന്നും ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല. കാരണം, നിങ്ങൾക്കെല്ലാവർക്കും വേണ്ടത് വിവാദങ്ങളാണ്. സത്യമോ, നല്ലതോ നിങ്ങൾക്ക് കാണാൻ താൽപര്യമില്ല. എല്ലാവർക്കും വേണ്ടത് വിവാദങ്ങളാണ്. എനിക്ക് പറയാനുള്ള കാര്യം എന്താണെന്ന് വച്ചാൽ ഈ സോഷ്യൽ മീഡിയ എന്നത് വളരെ ശക്തിയുള്ള ഒന്നാണ്. ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് ഇതുവഴി ചെയ്യാൻ പറ്റും. പക്ഷെ ഇത് വളരെ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്.

എനിക്കുള്ള ഒരു ചോദ്യം, എന്നെക്കുറിച്ച് നിങ്ങൾ പലതും പറഞ്ഞിട്ടുണ്ട് പറഞ്ഞോളൂ. ബാലയ്ക്ക് എന്തും താങ്ങാനാകും. പക്ഷെ നിങ്ങളിങ്ങനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ നാളെ ആ പെൺകുട്ടിക്ക് ഒരു വിവാഹാലോചന വന്നാൽ, ഇത് അവരെ ബാധിക്കില്ലേ.? എത്ര വലിയ ദുരവസ്ഥയാണ് നിങ്ങൾ അവരുടെ കുടുംബത്തിന് ഉണ്ടാക്കി വച്ചത്. പ്രതീക്ഷ എന്താണ് അന്ന് ആ പരിപാടിയിൽ പറഞ്ഞത്? ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ ഞാൻ ഒരു പരിപാടിക്ക് പുനലൂരിൽ പോയപ്പോൾ എന്റെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിട്ടിയിട്ടുണ്ട്, എന്റെ വലിയൊരു ആരാധികയാണ് എന്ന്.

ഒരു അഭിനേതാവിന്റെ ഫാൻ ആയി ഇരിക്കുന്നത് അത്ര വലിയ തെറ്റാണോ? അതിനാണോ ഇത്ര വലിയ തെറ്റായ ഒരു ഇൻഫർമേഷൻ നിങ്ങൾ പ്രചരിപ്പിച്ചത്?. അതും അവരുടെ അമ്മയുമായി നിൽക്കുന്ന ഒരു ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ഇന്ത്യൻ നിയമപ്രകാരം ഇത് കുറ്റകൃത്യമാണ് ആണ്. ആ കുടുംബത്തെ നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു. ഇത്രയധികം ആൾക്കാർ അത് കണ്ടു.

പിന്നെ എന്റെ സുഹൃത്ത് റിമി ടോമി, അവരെക്കുറിച്ച് എന്തൊക്കെയാണ് നിങ്ങൾ പറഞ്ഞത് ? രണ്ടു പേരെയും കൂട്ടികൊടുത്തല്ലോ എന്നൊക്കെ. ഇതൊക്കെയാണോ ഒരാളെക്കുറിച്ച് പറയേണ്ടത്. ഒരു സോഷ്യൽ മീഡിയയിൽ ഇങ്ങനെയാണോ ഒരാളെക്കുറിച്ച് പറയുക. ഞാനും റിമിയും തമ്മിൽ ഒരു വാക്കുണ്ട്, ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയരുത് എന്ന്. ഇന്ന് വരെ ഞാൻ അത് പാലിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് എനിക്കിത് പറയാൻ നാണക്കേടുണ്ട് എന്നാലും പറയേണ്ടി വന്നു.

ഞങ്ങൾക്കൊരു വാട്സാപ്പ് ഗ്രൂപ് ഉണ്ട്. കേരളത്തിൽ പ്രളയം വരുന്നതിനൊക്കെ മുൻപേ കേരളത്തിലെ ഓരോ സ്ഥലത്തെയും പാവപെട്ടവർക്കായി ഓരോ കാര്യങ്ങൾ ചെയ്യാറുണ്ട് ഞങ്ങൾ. പക്ഷേ ഞാനും റിമിയും ഇന്നേവരെ ഫെയ്സ്ബുക്കിലോ മറ്റോ ഒരു ഫോട്ടോ എങ്കിലും ഇട്ടിട്ടുണ്ടോ പബ്ലിസിറ്റിക്കായി. എനിക്കത് വേണ്ട. ഞാൻ ഒരു കലാകാരനാണ്, എന്റെ അഭിനയം കണ്ട് നിങ്ങൾ എന്നെ ഇഷ്ടപെട്ടാൽ മതി. പക്ഷെ ഇത്രയേറെ നല്ല കാര്യങ്ങൾ ചെയ്തിട്ട് എന്റെ സുഹൃത്തിനെക്കുറിച്ചു ഇത്രയും മോശമായ കാര്യങ്ങൾ പ്രചരിപ്പിച്ചു. അത് ഒരു വ്യക്തിയോട് ചെയ്യുന്ന വലിയ കുറ്റകൃത്യമാണ്

പിന്നെ വേറൊരു കാര്യം എനിക്ക് വ്യക്തിപരമായി പറയാനുണ്ട്. എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്ങ്ങൾ ഉണ്ട്, കേസൊക്കെ നടക്കുന്നുണ്ട്. പക്ഷെ അതിനെക്കുറിച്ച് ആദ്യം തൊട്ട് സോഷ്യൽ മീഡിയയിൽ വന്ന എല്ലാ വാർത്തകളും തെറ്റാണ്. പിന്നെ ഞാൻ ഇതിന് മുൻപ് ഒന്നും മിണ്ടിയിട്ടില്ല. ഇതിൽ ഒരേ ഒരു കാര്യം മാത്രം ഞാൻ പറയുകയാണ്. 2019 ജനുവരിയിലാണ് ഞാൻ ഡിവോഴ്സ് ഫയൽ ചെയ്യുന്നത്. അതിന് മുൻപ് നിങ്ങൾ പ്രചരിപ്പിച്ച ഒരു വാർത്തയും ശരിയല്ല. ഇതേവരെ ഞാൻ അതിനെക്കുറിച്ച് മിണ്ടിയിട്ടില്ല പോട്ടെന്നു പറഞ്ഞു വിട്ടു.

ശബ്ദത്തെക്കാളും മൗനത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട്. ഞാൻ തുറന്നു സംസാരിക്കാൻ തുടങ്ങിയാൽ അവിടെ ബാല ജയിക്കും. പക്ഷെ വേണ്ട എന്ന് വച്ചിരിക്കുന്നതാണ്. പക്ഷെ എന്നെ വെറുതെ പ്രകോപിപ്പിക്കരുത്. എന്റെ മകളെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്. ആ ഒരു സ്നേഹത്തിന് വേണ്ടി മാത്രം ഞാൻ നിശബ്ദനായി ഇരിക്കുകയാണ്. പക്ഷെ ആ മൗനത്തിനും ഒരുപാട് അർഥങ്ങൾ ഉണ്ട്. വീടും നാടും വിട്ടു ഞാൻ ഇവിടെ കേരളത്തിൽ ഒറ്റയ്ക്ക് നിൽക്കാണ്. നല്ലവരായ പ്രേക്ഷകർ എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രാർത്ഥിക്കൂ. എല്ലാവരെയും സ്നേഹിക്കൂ. ദയവായി ചിന്തിക്കുക. നിങ്ങൾക്കും ഒരു കുടുംബമില്ലേ. സ്വന്തം കുടുംബത്തോട് നിങ്ങൾ ഇങ്ങനെ ചെയ്യുമോ. ഇല്ലല്ലോ…ചിന്തിക്കൂ…