മൂന്നുപേരെയും ഒരുമിച്ചുകണ്ടപ്പോൾ നരേന്ദ്രമോദി പറഞ്ഞു: ഇതാണ് കേരളം; വിവിധസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയവർക്കുമുന്നിൽ കേരളത്തിൻ്റെ പ്രത്യേകത വിവരിച്ച് ഗവർണർ

single-img
24 February 2019

കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ മഹത്ത്വത്തെക്കുറിച്ച് വാചാലനായി ഗവർണർ ജസ്റ്റിസ് പി. സദാശിവം.  നിയമസഭയിൽ തുടങ്ങിയ ദേശീയ വിദ്യാർഥിപാർലമെന്റിൽ പങ്കെടുക്കാൻ വിവിധസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയവർക്കുമുന്നിലാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി ഗവർണർ മനസ്സുതുറന്നത്.

കേരളത്തിലെ നേതാക്കൾ തിളക്കമുള്ള മാതൃകകളാണ്. തന്റെ സ്വന്തംനാടായ തമിഴ്‌നാട്ടിൽ ഭരണപക്ഷത്തെ അംഗത്തെ ഒന്നുനോക്കാൻപോലും പ്രതിപക്ഷാംഗങ്ങൾ തയ്യാറാവില്ല. എന്നാൽ, കേരളത്തിലാകട്ടെ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോഴും നേതാക്കൾ തമ്മിൽ സൗഹൃദവും സഹകരണവുമുണ്ടെന്നും സദാശിവം പറഞ്ഞു.

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം അന്തരിച്ചപ്പോൾ തനിക്ക് രാമേശ്വരത്തുപോകാനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരുമണിക്കൂറിനകം ചെറുവിമാനം ഏർപ്പാടാക്കി. മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷനേതാവ് വിഎസ്. അച്യുതാനന്ദനും താനും ഒരുമിച്ചാണ് പോയത്. മധുരയിൽനിന്ന് രാമേശ്വരത്തെത്തിയത് ഒരു കാറിലും. മൂന്നുപേരെയും ഒരുമിച്ചുകണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു -ഇതാണ് കേരളം!

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ ഇതേവിമാനം മുഖ്യമന്ത്രി പിണറായി വിജയനും ഏർപ്പാടാക്കി. അന്നും താനും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് ചെന്നൈയിലേക്ക് പോയി. അത് തമിഴ്‌നാട്ടിലെ പത്രങ്ങളിൽ വലിയ വാർത്തയായതും ഗവർണർ അനുസ്മരിച്ചു.