വിടി ബൽറാമിനെ വിമർശിച്ചു; ടി സിദ്ദിഖിന് കോൺഗ്രസ് പ്രവർത്തകരുടെ പൊങ്കാല

single-img
24 February 2019

എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് എതിരെ മോശമായ രീതിയില്‍ പ്രതികരിച്ച വിടി ബല്‍റാം എംഎല്‍എയെ തിരുത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിന് സ്വന്തം പാർട്ടിക്കാരുടെ പൊങ്കാല.  ഒരു എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ അക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്ന് സിദ്ദിഖ് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സിദ്ദീഖ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

‘കെആര്‍ മീര എന്ന എഴുത്തുകാരി പെരിയയില്‍ സിപിഎം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിന് എതിരെ, അതോടൊപ്പം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരു എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ അക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല.

90% സാംസ്‌കാരിക നായകരും കാശിക്ക് പോയ അവസ്ഥയില്‍ ഇത്രയെങ്കിലും പ്രതികരിച്ച അവരെ പരിഗണിക്കേണ്ടെ? സിപിഎമ്മിനെനെതിരെ എഴുതാന്‍ അവര്‍ ഭയന്നില്ലല്ലോ, അതോടൊപ്പം അവര്‍ വിടി ബല്‍റാമിനെ പോ മോനെ ബാലരാമ എന്ന് വിളിച്ചത് അംഗീകരിക്കാവുന്ന ഒന്നല്ല; അതവര്‍ തിരുത്തി എന്നാണു അറിയാന്‍ കഴിഞ്ഞത്’- ടി സിദ്ദിഖ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചത്.  ആക്രമണം രൂക്ഷമായപ്പോൾ താൻ പറഞ്ഞത് മറ്റൊരു രീതിയിൽ എടുക്കേണ്ട എന്ന് കാട്ടി സിദ്ദിഖ് മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ അതിനിടയിലും രൂക്ഷമായ ഭാഷയിലാണ് പ്രവർത്തകർ പ്രതികരിക്കുന്നത്.

ടി സിദ്ദിഖിൻ്റെ പോസ്റ്റ്:

നമുക്ക്‌ പെരിയയിലെ കത്തുന്ന ആ രണ്ട്‌ സെന്റ്‌ ഭൂമിയിൽ തന്നെ ചവിട്ടി നിൽക്കണം… ഹൃദയം വെന്തുരുകുന്ന ആ തീക്കരികിൽ തന്നെ നിൽക്കണം… എവിടേയും മാറിപ്പോകാൻ പാടില്ല… കേരളത്തിലെ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മനുഷ്യന്റേയും ഹൃദയം പൊള്ളിക്കണം.
കെ ആർ മീര എന്ന എഴുത്തുകാരി കഴിഞ്ഞ തിങ്കളാഴ്ച വിലാപയാത്ര നടക്കുമ്പോൾ തന്നെ കൊലപാതക രഷ്ട്രീയത്തിനെതിരെ സിപിഎമ്മിനെ ചോദ്യം ചെയ്തിരുന്നു. “കൊലയല്ല; കലയാണു രാഷ്ട്രീയ ആയുധം..” എന്ന് അവർ പരസ്യമായി പറഞ്ഞു‌. അവരത്‌ പി ജയരാജന്റെ മുഖത്ത്‌ നോക്കിയും പറഞ്ഞിട്ടുണ്ട്‌. ഞാൻ അവിടെയാണു നിൽക്കുന്നത്. അതേസമയം ബാക്കിയുള്ള എഴുത്തുകാർ എവിടെയായിരുന്നു. സാംസ്‌കാരിക-സിനിമ മേഖലയിലുള്ളവർ എവിടെയായിരുന്നു. ഒരു ആഷിഖ്‌ അബുമാരേയും ഈ വഴി കാണാനില്ലല്ലോ..!!? ഈ വൃത്തികെട്ട മൗനം അവർ എകെജി സെന്റർ എന്ന കൊട്ടാരത്തിലെ ആസ്ഥാന കവികളും വിദൂഷകരും ആയത്‌ കൊണ്ടാണു. അവർക്കെതിരെ പറയുക തന്നെ ചെയ്യും, കേരളത്തിലെ ജനങ്ങൾ ഇതൊക്കെ കാണുന്നുമുണ്ട്‌, നിങ്ങളുടെ പേനയേക്കാൾ അന്തസ്സുണ്ട്‌ കല്യാട്ടെ സ്ത്രീകളുടെ കയ്യിലെ ചൂലിനെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. കൃപേഷിന്റേയും ശരത്തിന്റേയും ശുഹൈബിന്റേയും ശവകുടീരത്തിൽ മൗനം തളം കെട്ടി നിൽക്കുമെന്ന് ആരും കരുതണ്ട… കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധങ്ങൾ കൊണ്ട്‌ മുഖരിതമായിരിക്കും അവിടം… ഞാൻ വീണ്ടും പറയുന്നു… നമുക്ക്‌ ആ രണ്ട്‌ സെന്റ്‌ ഭൂമിയിൽ കോൺഗ്രസ്‌ പതാകയ്ക്കരികിൽ തന്നെ നിൽക്കാം… നമുക്ക്‌ ശുഹൈബിന്റെ ഖബറിനരികിൽ തന്നെ നിൽക്കാം… വഴി മാറരുത്‌, സിപിഎം ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ ചൂണ്ടയിൽ കുരുങ്ങരുത്‌… വരൂ… നമുക്ക്‌ കൃപേഷിന്റേയും ശരത്‌ലാലിന്റേയും ശുഹൈബിന്റേയും ഒപ്പം നിൽക്കാം…

ഇവിടെ വി ടി ബൽറാം എന്ന എന്റെ പ്രിയ സഹപ്രവർത്തകൻ എടുത്ത നിലപാട്‌ കൃത്യവും സ്പഷ്ടവുമാണു. അതിൽ തർക്കമില്ല. അതിൽ കോൺഗ്രസ്‌ നേതാക്കളോ പ്രവർത്തകരോ രണ്ട്‌ തട്ടിലുമല്ല. കെ ആർ മീര എന്ന വലിയ എഴുത്തുകാരി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിനു ഒപ്പം നിൽക്കേണ്ടത്‌ ഇന്നിന്റെ ആവശ്യവുമാണു. അതിൽ ആർക്കും തെറ്റിദ്ധാരണ ഉണ്ടാവേണ്ടതില്ല… നമുക്ക്‌ അവിടെ തന്നെ നിൽക്കാം, സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിൽ… നമുക്ക്‌ അത്‌ തന്നെ സംസാരിച്ച്‌ കൊണ്ടിരിക്കാം…