മോദി സർക്കാർ കർഷകർക്ക് നൽകിയത്ര ഒരു സർക്കാരും നൽകിയിട്ടില്ല: അമിത് ഷാ

single-img
23 February 2019

പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത്. വർഷങ്ങളായി കോൺഗ്രസ് കർഷകരെ അവഗണിക്കുകയായിരുന്നുവെന്നാണ് അമിത് ഷാ ഗൊരഖ്പുറില്‍ നടന്ന ബിജെപി കിസ്സാന്‍ മോര്‍ച്ചയുടെ ദേശീയ സമ്മേളനത്തില്‍ പറഞ്ഞത്. മാത്രമല്ല ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുമായി സംവാദത്തിന് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ 70 വർഷങ്ങൾ കൊണ്ട് ഒരു സർക്കാറും ചെയ്യാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി സർക്കാർ കർഷകർക്ക് വേണ്ടി ചെയ്തത്. പക്ഷെ രാഹുൽഗാന്ധി കള്ളക്കണക്കുകൾ നിർത്തുകയാണ്. നിങ്ങൾ കർഷകർ അത് വിശ്വസിക്കുകയുമാണ്. ഞാന്‍ രാഹുൽഗാന്ധിയെ വെല്ലുവിളിക്കുകയാണ് ഈ വിഷയത്തിൽ ഒരു സംവാദത്തിന്- അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾക്ക് നേരെ ആരോപണം ഉന്നയിച്ചു കൊണ്ടുള്ള അമിത്ഷാ ഇന്ന് നടത്തുന്ന രണ്ടാമത്തെ റാലിയാണ് ഗൊരഖ്പുറിലേത്. നേരത്തെ ലക്നൗവിൽ നടന്ന റാലിയിലും അമിത് ഷാ രാഹുൽഗാന്ധിക്കും പ്രതിപക്ഷ പാർട്ടികൾക്കും എതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാഹുൽഗാന്ധിയെ രാഹുൽ ബാബ എന്ന് വിളിച്ചു കൊണ്ടാണ് പ്രസംഗവേദികളിൽ അമിത് ഷാ അഭിസംബോധന ചെയ്യുന്നത്. രാഹുൽഗാന്ധിക്ക് പുറമേ ബിഎസ്പി എസ് പി സഖ്യത്തെയും അമിത് ഷാ അതിരൂക്ഷമായി വിമർശിച്ചു.