വാനോളം ട്വിസ്റ്റിട്ട ബാലന്‍ വക്കീലിനെ ഏറ്റെടുത്ത് കേരളക്കര

single-img
23 February 2019

മൂന്നാംദിനവും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനവിജയം നേടി ദിലീപിന്റെ ബാലന്‍ വക്കീല്‍. തമാശയും ത്രില്ലിങ്ങുമൊക്കെയുള്ള ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കേരളക്കര. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

മുന്‍പും ത്രില്ലറുകള്‍ സമ്മാനിച്ച ബി. ഉണ്ണികൃഷ്ണന്‍, ഒരിക്കല്‍ കൂടി ആ കല പുറത്തെടുക്കുകയാണ്. അതിനുള്ള തിരക്കഥ തയ്യാറാക്കിയത് സംവിധായകന്‍ തന്നെയെന്നുള്ളത് ശ്രദ്ധേയം. പ്രശ്‌നങ്ങളില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയും, അവളുടെ രക്ഷകനായ ഹീറോ കാമുകനും, എന്ത് വില കൊടുത്തും തന്റെ സാമ്രാജ്യം മുന്നോട്ടു കൊണ്ട് പോകുന്ന വില്ലനും, ഒടുവില്‍ ദുഷ്ടശക്തികളെ തുടച്ചു നീക്കിയുള്ള നായികാനായകന്മാരുടെ വിജയവും ചേര്‍ന്നൊരു സിനിമയാണിത്.

ആദ്യന്തം ഒരു കോമഡി എന്റര്‍ടെയ്‌നര്‍ അല്ല ചിത്രം, തുടക്കം കണ്ടാല്‍ അങ്ങനെ തോന്നിയേക്കാമെങ്കിലും. മറിച്ച് ഒരു ത്രില്ലര്‍ ഡ്രാമയാണ്. വിക്ക് മൂലമുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്ന, കരിയറില്‍ തുടക്കക്കാരനായ അഭിഭാഷകനായാണ് നായകന്റെ ഇന്‍ട്രൊ.

വീട്ടിലോ സഹപ്രവര്‍ത്തകര്‍ക്കിടയിലോ പരിഗണന ലഭിക്കാത്ത, എന്നാല്‍ ആത്യന്തികമായി തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത ഒരു കഥാപാത്രം. നിസ്സാര കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ക്ക് ജാമ്യം വാങ്ങിക്കൊടുക്കാന്‍ പോലും കഷ്ടപ്പെടുന്ന വക്കീലായാണ് കോടതിമുറിയിലെ അയാളുടെ ഇന്‍ട്രൊഡക്ഷന്‍.

പൊലീസുകാരനായ അളിയന്‍ (സുരാജ് വെഞ്ഞാറമ്മൂട്) വഴി തന്നെ തേടിയെത്തുന്ന ഒരു കേസ് ബാലന്റെ ജീവിതം എങ്ങനെ മാറ്റിമറിയ്ക്കുന്നുവെന്ന് സിനിമ പരിശോധിക്കുന്നു. ഈ കേസ് എത്തുന്നതോടെ കോമഡി എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ നിന്ന് സിനിമയും അതിന്റെ ത്രില്ലര്‍ ഡ്രാമാ സ്വഭാവത്തിലേക്ക് നീങ്ങുന്നു. സാധാരണ ദിലീപ് ചിത്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന നര്‍മ്മരംഗങ്ങള്‍ നിറഞ്ഞ തുടക്കത്തേക്കാള്‍ ആസ്വാദ്യകരമാണ് ചിത്രത്തിന്റെ പ്രധാന ഭാഗമായ ഈ ത്രില്ലര്‍ ‘എപ്പിസോഡ്’.

ദിലീപ് അധികം ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വക്കീല്‍ കഥാപാത്രം അദ്ദേഹം നന്നായി തന്നെ അവതരിപ്പിച്ചു. നായികയായി എത്തിയ മംമ്ത മോഹന്‍ദാസും നായകന്റെ സന്തത സഹചാരിയായ അജു വര്‍ഗീസും പ്രേക്ഷകരെ ആകര്‍ഷിക്കും. സിദ്ദിഖ്, ഗണേശ്കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ബിന്ദു പണിക്കര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ വലിയ താരനിരയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ഒരു മാസ് മസാല സിനിമയ്ക്കുള്ള ചേരുവകള്‍ മുഴുവന്‍ ബാലന്‍ വക്കീലിനുണ്ട്. കോമഡിയും ആക്ഷനും ത്രില്ലും ട്വിസ്റ്റും എന്നു വേണ്ട സാധാരണ പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ പോന്നതൊക്കെ അണിയറക്കാര്‍ സിനിമയില്‍ ഒരുക്കിയിട്ടുണ്ടെന്ന് സാരം.

ഒരു കോമഡി എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിച്ചല്ല തീയേറ്ററുകളിലേക്ക് പോകേണ്ടത്. മറിച്ച് തുടക്കത്തില്‍ പറഞ്ഞതുപോലെ നര്‍മ്മത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ഡ്രാമയാണ് ചിത്രം. ആ തരത്തില്‍ മികച്ച സിനിമയാണ് ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’. കണ്ടിറങ്ങുന്നവര്‍ 100ല്‍ 99 മാര്‍ക്കും കൊടുക്കും എന്ന് അച്ചട്ട്.