‘പ്രണയിക്കാന്‍ പ്രണയിനി തന്നെ വേണമെന്നില്ല; പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും’; പ്രണയദിനത്തില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് യുവാവ്

single-img
22 February 2019

പ്രണയദിനത്തില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് യുവാവ് എഴുതിയ കുറിപ്പ് വൈറല്‍. കമിതാക്കളും ദമ്പതികളും മാത്രമുണ്ടായിരുന്ന വര്‍ക്കല ബീച്ചില്‍ അമ്മയുടെ കൈപിടിച്ച് യാത്ര ചെയ്ത കഥയാണ് ശരത് കൃഷ്ണന് പറയാനുള്ളത്.

പ്രണയിക്കുവാന്‍ പ്രണയിനി തന്നെ വേണമെന്നില്ല. പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും. കിട്ടുന്ന സമയമെല്ലാം അമ്മക്കൊപ്പം ചെലവഴിക്കുകയെന്ന് പറഞ്ഞാണ് ശരത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് വായിക്കാം:

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കില്‍ അത് എന്റെ അമ്മയോടൊപ്പം!

ജീവിതത്തില്‍ സ്‌നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ…… നമ്മെ എത്ര സ്‌നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക് മാത്രമായിരിക്കും.

പഠിക്കുന്ന സമയത്ത് വലിയൊരു ആഗ്രഹമായിരുന്നു സിവില്‍ സര്‍വ്വീസ്. അത് വഴി എന്റെ രാജ്യത്തെ സേവിക്കുക. വിഫലമായ ആ ആഗ്രഹത്തിന്റെ തുടര്‍ച്ചയെന്നോണം വളര്‍ന്നു വരുന്ന, സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്ന കുട്ടികള്‍ക്ക് വേണ്ടി തക്ഷശില IAS അക്കാദമി എന്നൊരു സ്ഥാപനം തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ആരംഭിച്ചു.

നല്ലൊരു ജനതയെ രാജ്യ സേവനത്തിനായി പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെ അക്കാദമിയുടെ മീറ്റിങ്ങിനായി തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ നില്‍ക്കുമ്പോള്‍ അമ്മയും ഉണ്ടെന്ന് പറഞ്ഞു. അമ്മയ്ക്ക് സഹോദരന്‍ എം.ആര്‍ രാജനെ കാണുകയും വേണം. അങ്ങനെ ഞങ്ങള്‍ പതിവുപോലെ വടക്കുംനാഥനോട് യാത്ര പറഞ്ഞ് തൃശൂര്‍ വിട്ടു.

വൈകിട്ടോടെ തിരുവനന്തപുരം എത്തി അമ്മാവന്റെ വീട്ടില്‍ നിന്നു. കാലത്ത് ഞാന്‍ മീറ്റിംഗിനായി പോയി, കുറച്ചദികം നാളുകള്‍ക്ക് ശേഷമാണ് അമ്മ സഹോദരന്റെ വീട്ടില്‍ എത്തുന്നത് അതിനാല്‍ തന്നെ ഒരു പാട് വിശേഷങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ അനന്തപുരിയുടെ നാഥന്‍ ശ്രീ പത്മനാഭ സ്വാമിയെ ദര്‍ശിച്ചു. ശേഷം പുറത്ത് നിന്ന് ഭക്ഷണ മൊക്കെ കഴിച്ച് പിറ്റെ ദിവസം കാലത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നേരെ കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോയി.

അവിടെ ഞങ്ങളെ ഏറ്റവുമധികം പിടിച്ച് നിര്‍ത്തിയത് 1, 2 വയസ്സ് പ്രായമുള്ള ആനക്കുട്ടികളുടെ വികൃതികള്‍ ആണ്. മനസ്സിനെ വളരെ അധികം സന്തോഷിപ്പിച്ചു അവര്‍. അങ്ങനെ തിരുവനന്തപുരത്തിന് വിടപറയാന്‍ ഒരുങ്ങുമ്പോള്‍ ആണ് ഒരു കാര്യം ഓര്‍മ്മ വന്നത്…. നാളെ ഫെബ്രുവരി 14….. വാലന്റയിന്‍സ്‌ഡേ?? സ്‌നേഹിക്കുവാനായി അങ്ങനെ ഒരു ദിവസമുള്ളപ്പോള്‍ അത് പിന്നെ ആഘോഷിക്കണമല്ലോ! അമ്മോട് ചോദിച്ചു തൃശൂര്‍ മാറ്റി നേരെ വര്‍ക്കല ബീച്ച് ആക്കിയാലോ….. പ്രതീക്ഷിച്ചതിലും വേഗത്തില്‍ മറുപടി…. എന്തിനാ ന്റെ കുട്ട്യേ ഒരു അമാന്തം വണ്ടി നേരെ വര്‍ക്കലക്ക് പോട്ടെ.

പിന്നെ ഒട്ടും താമസിച്ചില്ല അമ്മാവനോടും കുടുംബത്തോടും യാത്ര പറഞ്ഞ് നേരെ വര്‍ക്കലക്ക് വിട്ടു. സന്ധ്യയോടുകൂടി ബീച്ചില്‍ എത്തി, അസ്തമയ സൂര്യന്‍ മറഞ്ഞിരുന്നു. ബീച്ചിനു മുന്‍പിലായി സുഹൃത്ത് ബിജു ചേട്ടന്റെ ഹോട്ടലില്‍ മുറി എടുത്തു. ഒന്ന് ഫ്രെഷായി ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. വളരെ വൃത്തിയുള്ള ചുറ്റുപാട്. ഭക്ഷണശാലകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി നിരവധി സാധനങ്ങളുടെ കടകള്‍….. സ്വദേശികളേക്കാളേറെ വിദേശികള്‍, മൊത്തത്തില്‍ അവിടുത്തെ അന്തരീക്ഷം വിദേശത്തെ ഏതൊ ബീച്ചിലാണെന്ന് വരെ തോന്നിപ്പോയി.

അതിനിടയില്‍ ഹോട്ടലിലെ പയ്യന്‍ പറയുകയാണ് ചേട്ടാ ഗേള്‍ ഫ്രണ്ട്‌സുമായി വരുമ്പോള്‍ താഴെ പോകാമെന്ന്, അപ്പോള്‍ ഞാന്‍ ചോദിച്ചു അതെന്താ അമ്മയുമായിട്ട് വന്നാല്‍ താഴെ പൊയ്ക്കൂടെ, അതല്ല ഗേള്‍ഫ്രണ്ട്‌സിന്റ കൂടെ കടല്‍ക്കരയില്‍ തീയൊക്കെ കത്തിച്ച് കുശലം പറയുന്ന ഫീല്‍ വേരെ അല്ലെ ചേട്ടാ…. എന്ന് അവന്‍, അത് മോന്‍ ഒരിക്കലെങ്കിലും അമ്മയോടൊപ്പം ഒന്ന് കറങ്ങി കുശലം പറഞ്ഞിരുന്നാല്‍ മാറിക്കോളുമെന്ന് ഞാന്‍…. അവന്‍ ചിരിച്ചു.

അങ്ങനെ രാത്രി വൈകുവോളം ആ കടല്‍ തീരത്ത് കടല്‍ക്കാറ്റും….. കനല്‍ച്ചൂടേറ്റും…. കുശലം പറഞ്ഞും ഞങ്ങള്‍ ആസ്വദിച്ച് ഇരുന്നു. പിറ്റെ ദിവസം… നമ്മുടെ പ്രണയദിനം ഞാനും അമ്മയും നേരെ ബീച്ചിലേക്ക് പോയി, കടലില്‍ നിറയെ വിദേശ ദമ്പതിമാരും, കമിതാക്കളും, ഫ്രണ്ട്‌സും ഒക്കെ ഉണ്ട്. ആരും അമ്മയെ കൂട്ടിയിട്ടില്ല…… അവരില്‍ നിന്നും വ്യത്യസ്തരായി ഞങ്ങള്‍ മാത്രം?? ഞാന്‍ നേരെ കടലിലേക്ക് ഇറങ്ങി തിരമാലയോട് ചങ്ങാത്തം കൂടി, കരയിലേക്ക് നോക്കുമ്പോള്‍ അമ്മ മണല്‍ത്തരികളോട് കുശലം പറയുകയാണ്.

നേരെ ചെന്ന് അമ്മയുടെ കൈപിടിച്ച് കടലിലേക്ക് ഇറങ്ങല്ലേ ചോദിച്ചു. ചെറിയൊരു പേടി ഇണ്ടെന്ന് അമ്മ…. ഒന്നും പേടിക്കണ്ട എന്നെ കൊണ്ടുപോയാലും അമ്മയെ കടലമ്മയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഗീതമ്മ പറയ്യാ, അങ്ങനെ എന്റെ കൈയ്യില്‍ നിന്നും നിന്നെ തട്ടിയെടുക്കാന്‍ കടലമ്മ ഇങ്കിട് വരട്ടെ, ഞങ്ങള്‍ രണ്ടാളും കടലില്‍ തകര്‍ത്ത് മറിച്ചു, കുഞ്ഞുനാളില്‍ അമ്മ കുളിപ്പിക്കുമ്പോള്‍ വെള്ളം തെറിപ്പിച്ചും , തുള്ളിച്ചാടുന്നതുമൊക്കെ ഓര്‍ത്തു പോയി…… പ്രണയിക്കുവാന്‍ ഒരിക്കലും പ്രണയിനി തന്നെ വേണ്ടാ, നമ്മളെ പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും, പ്രാണന്റെ പാതിയായി കണ്ട പ്രണയിനി ചിലപ്പോള്‍ നമ്മളെ ഉപേക്ഷിച്ചേക്കാം പക്ഷെ പ്രാണനായ അമ്മ ഒരിക്കലും നമ്മെ വിട്ടുകളയില്ല.

അതിനാല്‍ തന്നെ പത്ത് മാസം വയറ്റില്‍ ചുമന്ന്, പ്രാണ വേദന അനുഭവിച്ച അമ്മയെ ഒരായുസ്സ്‌കൊണ്ട് സ്‌നേഹിച്ച് തീരില്ല. നമ്മള്‍ ഓരോരുത്തരും കിട്ടുന്ന സമയങ്ങളില്‍ അമ്മയെ സ്റ്റേഹിക്കുക…… കുറച്ച് നേരമെങ്കിലും അവരുമായി ചിലവഴിക്കുക… അപ്പോള്‍ കിട്ടുന്ന സന്തോഷം അത് അനുഭവിച്ച് തന്നെ അറിയണം. അങ്ങനെ കടലമ്മയോട് വിടപറഞ്ഞ്….. വാലന്റയിന്‍സ് ഡേ അടിച്ച് പൊളിച്ച് നേരെ തൃശൂര്‍ക്ക്. പോകുന്ന പോക്കില്‍ ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന എഴുന്നള്ളത്തും കണ്ട് മനസ്സ് നിറഞ്ഞു. നമ്മുടെ സഞ്ചാരി ഗ്രൂപ്പിലെ പോസ്റ്റും, ഇന്‍സ്റ്റഗ്രാം കണ്ടും ഒരുപാട് സുഹൃത്തുക്കളെ പലയിടങ്ങളിലായി പരിചയപ്പെടുവാന്‍ സാധിച്ചു. അതിന് സഞ്ചാരിയോടും, എല്ലാ സുഹൃത്തുക്കളോടും പ്രെത്യേകം നന്ദി പറയുന്നു. അടുത്ത യാത്ര കഴിഞ്ഞ് വീണ്ടും കാണാം.