പിണറായിക്കു നിര്‍ണായകം: ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതി ഏപ്രില്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കും

single-img
22 February 2019

ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതി ഏപ്രില്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കും. ആദ്യ വാരമോ രണ്ടാം വാരമോ ആകും കേസില്‍ വാദം കേള്‍ക്കുക. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായുള്ള ബെഞ്ചാണ് ഇക്കാര്യമറിയിച്ചത്. ലാവ്‌ലിന്‍ കേസിലെ എല്ലാ ഹര്‍ജികളും ഏപ്രിലില്‍ ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലും കോടതി വാദം കേള്‍ക്കും.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ടാണു കേസ്. കരാര്‍ ലാവ്‌ലിനു നല്‍കാന്‍ പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.