പരീക്ഷാ ഹാളിൽ തൊപ്പി ധരിച്ചെത്തിയത് ചോദ്യംചെയ്ത അധ്യാപകൻ്റെ മുഖത്തിടിച്ച് വിദ്യാർത്ഥി; പരിക്ക് ഗുരുതരം

single-img
22 February 2019

പൂതക്കുളം ചെമ്പകശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ ഹാളിൽ തൊപ്പി ധരിച്ചെത്തിയത് ചോദ്യംചെയ്ത അധ്യാപകനെ വിദ്യാർഥി മുഖത്തിടിച്ചുവീഴ്ത്തി. വ്യാഴാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം. അധ്യാപകൻ അനിൽകുമാറിനെയാണ് അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഖത്തിടിച്ചുവീഴ്ത്തുകയും തലയ്ക്ക് ചവിട്ടുകയും ചെയ്തത്.

പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് മോഡൽ പരീക്ഷയെഴുതാൻ തൊപ്പിയും ധരിച്ചുവന്ന വിദ്യാർത്ഥിയോട് തൊപ്പി ഊരി വച്ചിട്ട് പരീക്ഷയെഴുതാൻ അധ്യാപകൻ അനിൽകുമാർ പറഞ്ഞതാണ് ആക്രമണത്തിന് കാരണമായത്. കസേരയിൽ വന്നിരുന്ന അധ്യാപകന്റെ മുന്നിലേക്ക് ഓടിവന്നായിരുന്നു ആക്രമണം. ഇടിയിലും ചവിട്ടിലും പരിക്കേറ്റ് രക്തംവാർന്ന അധ്യാപകൻ ഭയന്ന് നിലവിളിക്കുകയായിരുന്നു.

ഓടിയെത്തിയ സഹ അധ്യാപകർ അനിൽകുമാറിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കിന്റെ ഗുരുതരാവസ്ഥ കണ്ട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതേസമയം അധ്യാപകനെ മർദ്ദിച്ചശേഷം ക്ലാസിൽനിന്ന് ഇറങ്ങിയോടിയ വിദ്യാർഥിയെ പുറത്തുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥികളാണ് ഓടിച്ചിട്ട് പിടികൂടി സ്കൂൾ ഓഫീസിൽ എത്തിച്ചത്.

പരവൂർ പോലീസ്  സ്ഥലത്തെത്തി വിദ്യാർഥിയെ  സ്റ്റേഷനിൽ കൊണ്ടുപോയി. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ കേസ്‌ എടുത്തില്ലെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേക്ക്‌ കൗൺസിലിങ്ങിന് ഏൽപ്പിച്ചെന്നും പരവൂർ എസ് ഐ. അബ്ദുൾ റഹ്‌മാൻ  പറഞ്ഞു.