സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി; ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്താന്‍: ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് എഫ്എടിഎഫ്

single-img
22 February 2019

തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). നാല്‍പതു സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ തീവ്രവാദി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്താനെ ഗ്രേലിസ്റ്റില്‍നിന്ന് ഒഴിവാക്കരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുന്നതിന് പാകിസ്താന്‍ നടത്തിയ ശ്രമങ്ങള്‍ തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. ഇക്കാര്യത്തിലുള്ള പാകിസ്താന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ വീണ്ടും വിലയിരുത്തുമെന്നും ലക്ഷ്യം നേടാനായിട്ടില്ലെന്നു വ്യക്തമായാല്‍ പാകിസ്താനെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും എഫ്എടിഎഫ് വ്യക്തമാക്കി.

അതിനിടെ, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയന്ന് സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് പാകിസ്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്നാണ് അവര്‍ കരുതുന്നത്.

ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയുടെ ആക്രമണത്തിനോട് കരുതിയിരിക്കാനാണ് സൈന്യത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരങ്ങള്‍. ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുള്ള പ്രത്യാക്രമണം നേരിടാന്‍ തയ്യാറാവണമെന്ന് പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്താന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. സംഘങ്ങളായുള്ള കൂടിച്ചേരല്‍ ഒഴിവാക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ബങ്കറുകള്‍ നിര്‍മിക്കാനും രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാതിരിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതര്‍ക്ക് വിവരം കൈമാറാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് ലഭ്യമായ വിവരം.