പാകിസ്താനിലെത്തിയ സൗദി കിരീടാവകാശിക്ക് സമ്മാനമായി നല്‍കിയത് സ്വര്‍ണം പൂശിയ തോക്ക്

single-img
21 February 2019

പാകിസ്താനുമായി 2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് സ്വര്‍ണംപൂശിയ തോക്ക് പാകിസ്താന്‍ സമ്മാനിച്ചു. തിങ്കളാഴ്ചയാണ് ജര്‍മന്‍ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത ഹെക്കലര്‍ ആന്‍ഡ് കോച്ച് എംപി 5 എന്ന സബ് മെഷീന്‍ തോക്ക് പാക് സെനറ്റ് ചെയര്‍മാന്‍ സമ്മാനിച്ചത്. ഇതോടൊപ്പം മുഹമ്മദ് ബിന്‍ സല്‍മാന്റെ ഛായാചിത്രവും സമ്മാനമായി നല്‍കി.

മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സന്ദര്‍ശനം രണ്ടു ദിവസമാക്കി ചുരുക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രി ഇംറാന്‍ഖാനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ ഇസ്‌ലാമാബാദില്‍ സ്വീകരിച്ചിരുന്നു.

പാകിസ്താന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയത്. പാകിസ്താന്‍ സന്ദര്‍ശനത്തിന് ശേഷം നേരെ ഇന്ത്യയിലേക്ക് എത്തുവാന്‍ പദ്ധതിയിട്ട അദ്ദേഹത്തെ ഇന്ത്യ അമര്‍ഷം അറിയിച്ചിരുന്നു.