ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

single-img
20 February 2019

അമിതവേഗതയിലെത്തിയ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്.

ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27), സുമിതിന്റെ മാതാവ് റീത(65) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുമിതിന്റെ മകനെ (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുമിതും കുടുംബവും സഞ്ചരിച്ചിരുന്ന ഓഡി കാര്‍ പൂര്‍ണമായും ലോറിക്കടിയില്‍ പെട്ടു. രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് കാറിന് മുകളില്‍ നിന്ന് ലോറി മാറ്റിയത്. അപകടത്തില്‍ പെട്ടവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.