ഹരിത ചട്ടം പൂര്‍ണമായും പാലിച്ച് ആറ്റുകാൽ പൊങ്കാല ഇന്ന്; സുരക്ഷയൊരുക്കാൻ 3800 പൊലീസുകാർ

single-img
20 February 2019

ഹരിതചട്ടം പൂർണമായും പാലിച്ച്  ഇന്ന് സംസ്ഥാന തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാല. ക്ഷേത്രം തന്ത്രി രാവിലെ 10.15 ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. ഈ അടുപ്പില്‍ നിന്നുമുള്ള തീ മറ്റ് പൊങ്കാലക്കലങ്ങളിലേക്ക് പകരും. ഉച്ചയ്ക്ക് രണ്ടരയോടെ നടക്കുന്ന നൈവേദ്യ സമര്‍പ്പണത്തോടെയാണ് ചടങ്ങുകള്‍ക്ക് സമാപ്തിയാവുക.

ഭക്തലക്ഷങ്ങളാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി മുതലേ സ്ഥാനം പിടിച്ചത്. നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളിവിലാണ് ഇക്കുറി പൊങ്കാലക്കലങ്ങള്‍ നിരക്കുക. ആറ്റുകാലിലേക്ക് എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ഇന്നലെ ഉച്ച മുതല്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 3800 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

ഹരിത ചട്ടം പൂര്‍ണമായും പാലിച്ചാവും ഇത്തവണയും പൊങ്കാല ഉത്സവങ്ങള്‍ നടക്കുകയെന്ന് കളക്ടര്‍ അറിയിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ഭക്തജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2000 ലേറെ ആളുകളെ ശുചീകരണ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് നഗരസഭ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.