കാസര്‍കോട് കൊലപാതകം: മുഖ്യമന്ത്രിക്ക് മൗനം; എകെജി സെന്‍ററിലെത്തി കോടിയേരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

single-img
18 February 2019

കാസര്‍കോട് കല്ലിയോട് ഇന്നലെ രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ . രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനന്തപുരത്തെ ആഭ്യന്തരവിമാനത്താവളത്തിൽ വച്ചാണ് കാസര്‍കോട് കൊലപാതത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്. എന്നാല്‍ ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല.

പിന്നീട് എകെജി സെന്‍ററിൽ എത്തിയ പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറോളം സ്ഥിതിഗതികൾ ച‍ർച്ച ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കാസർകോട്ടെ കൊലപാതകങ്ങൾ പാർട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കിയതെന്ന് സിപിഎം കണക്കാക്കുന്നു.

അതുകൊണ്ട് എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റുചെയ്യേണ്ടതും നേതൃത്വത്തിന് സംഭവത്തിൽ പങ്കില്ല എന്നു സ്ഥാപിക്കേണ്ടതും ഈ ഘടത്തിൽ സിപിഎമ്മിന്‍റെ കൂടി ആവശ്യമാണ്. കൊലപാതകങ്ങളെ ശക്തമായി തള്ളിപ്പറഞ്ഞുകൊണ്ട് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയതും അതുകൊണ്ടുതന്നെയാണ്.

അതേസമയം പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന്‌ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൃപേഷിന്റേയും ശരത്‌ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ്‌ പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ മുന്‍വൈരാഗ്യമാണ് കൃപേഷിന്റേയും ശരത്‌ലാലിന്റെയും ദാരുണ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.