നടന്നത് ക്രൂര കൊലപാതകം: ശരത്‌ലാലിനെ വളഞ്ഞിട്ട് വെട്ടി; കൃപേഷിനെ വെട്ടിയത് തലയ്ക്ക്

single-img
18 February 2019

കാസർഗോഡ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേയും നടന്നത് ക്രൂരമായ ആക്രമാണെന്ന് റിപ്പോർട്ട്. ഇരുവരും ഒരുവിധത്തിലും രക്ഷപെടരുതെന്ന ഉദ്ദേശത്തോടെയാണ് അക്രമി സംഘം വെട്ടിയതെന്ന് വ്യക്തമാക്കുന്ന ഇൻക്വസ്റ്റ് റിപ്പോർട്ടാണ് പുറത്തുവന്നത്.

കൊല്ലപ്പെട്ട ശരത്‌ലാലിനെ ലക്ഷ്യംവച്ചാണ് അക്രമികൾ ഇരുളിൽ പതുങ്ങിയിരുന്നത് എന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. കൊടുവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായാണ് അക്രമികൾ ആളൊഴിഞ്ഞ പ്രദേശത്തു കാത്തിരുന്നത്. ശരത്‌ലാലിനെയാണ് സംഘം ആദ്യം ആക്രമിച്ചത്. കൊടുവാൾ കൊണ്ട് കഴുത്തിന്‍റെ ഇടത് ഭാഗത്ത് ആഞ്ഞുവെട്ടിയതോടെ ശരത് നിലത്തുവീണു. ഓടാതിരിക്കാൻ സംഘം ഇരുകാലുകളിലുമായി അഞ്ചോളം വെട്ടുകൾ കൂടി വെട്ടി. ശക്തമായ വെട്ടിൽ കാലുകളിലെ എല്ലുകളെല്ലാം നുറുങ്ങിയ അവസ്ഥയിലാണ്.

ശരത്തിനെ ആക്രമിക്കുന്നത് കണ്ട് ഭയന്നോടിയെ കൃപേഷിനെ പിന്നാലെ എത്തി അക്രമികൾ വെട്ടുകയായിരുന്നു. ക്രൂരകൃത്യത്തിന് ദൃക്സാക്ഷിയെ ഇല്ലാതാക്കാനാണെന്നാണ് കൃപേഷിനെ വകവരുത്തിയതെന്നാണ് പോലീസ് നിഗമനം. തലയ്ക്ക് വെട്ടേറ്റ കൃപേഷ് ചോരവാർന്ന് തൽക്ഷണം മരിച്ചു. പതിനൊന്ന് സെന്‍റിമീറ്റർ നീളത്തിലുള്ള ആഴമേറിയ മുറിവാണ് കൃപേഷിന്‍റെ തലയിലുണ്ടായിരുന്നതെന്ന് പോലീസ് ഇൻക്വസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ആക്രമിച്ച അതേരീതിയിലാണ് പെരിയ കല്യോട്ടെ സംഭവമെന്നും സംശയിക്കുന്നുണ്ട്. കാലിൽ തുടർച്ചയായി വെട്ടി ആക്രമണത്തിന് ഇരയാകുന്നയാൾ ഓടാതിരിക്കാനുള്ള ശ്രമം ഷുഹൈബ് വധക്കേസിലും ഉണ്ടായിരുന്നു. ശരത്‌ലാലിനെയും സമാനരീതിയിൽ തന്നെയാണ് ആക്രമിച്ചിരിക്കുന്നത് സംഭവത്തിന് പിന്നിൽ കണ്ണൂരിൽ നിന്നുള്ള പ്രൊഫഷണൽ സംഘമാണെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ട്.