നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതി: പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി

single-img
17 February 2019

നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡന കേസിലെ പരാതിക്കാരി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. 2017ലാണ് തനിക്ക് നേരെ ഉണ്ണി മുകുന്ദന്റെ പീഡന ശ്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. 23ന് കേസ് വീണ്ടും പരിഗണിക്കും.

നേരത്തെ, പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുടെ വാദത്തിനിടയിലാണു യുവതിയുടെ അഭിഭാഷകന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

കേസിലെ ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി പ്രതി വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്നും അഭിഭാഷകന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഭീഷണിയുള്ളതിനാലാണു പരാതിക്കാരിക്കു കോടതിയിലെത്താന്‍ കഴിയാത്തതെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത്

ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാന്‍ വേണ്ടി ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദന്‍ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ് കാണാന്‍ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്‍ ഉണ്ണിയെ കാണാന്‍ എത്തി.

മലയാള സിനിമയില്‍ ഇത്രയും വിശ്വസ്തനായ പയ്യന്‍ ഇല്ലെന്ന സുഹൃത്തിന്റെ ഉറപ്പിലാണ് ഉണ്ണിമുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ ഞാന്‍ തനിച്ച് പോയത്. കഥ കേള്‍ക്കാന്‍ അയാള്‍ക്ക് താല്‍പര്യമില്ലായിരുന്നു. സക്രിപ്റ്റ് കൊണ്ടുവരാന്‍ പറഞ്ഞു. അത് കൊണ്ടുവരാം എന്ന് പറഞ്ഞ് പോകാന്‍ എഴുന്നേറ്റ എന്നെ അയാള്‍ കയറിപ്പിടിച്ചു.

ഇയാളുടെ പ്രവൃത്തി കണ്ട് ഞാന്‍ ഞെട്ടിപ്പോയി. വേണ്ട എന്ന് പറഞ്ഞ് പ്രതിരോധിച്ചപ്പോള്‍ അയാളുടെ മുഖത്ത് ചിരിയായിരുന്നു. ആദ്യം പ്രതിരോധിച്ചാലും പിന്നീട് സമ്മതിക്കുമെന്നാണ് അയാള്‍ കരുതിയത്. അതോടെ ഞാന്‍ ബഹളം വെച്ചു.

അപ്പോഴാണ് അയാള്‍ക്ക് ഇത് കളിയല്ല, കാര്യമാണെന്ന് മനസിലായത്. അതോടെ അയാള്‍ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാന്‍ പോകുന്നുവെന്ന് പറഞ്ഞു. കഥ കേള്‍ക്കാന്‍ അയാള്‍ തയാറാകാത്തതിനാല്‍ പത്ത് മിനിറ്റ് സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കള്ളക്കേസില്‍ കുടുക്കി സല്‍പേരു നശിപ്പിക്കാനും പണം തട്ടാനുമാണു പരാതിക്കാരിയുടെ ശ്രമമെന്നു ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. പരാതിക്കാരിക്കു പൊലീസ് സംരക്ഷണം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ഉണ്ണി മുകുന്ദന്‍ ബോധിപ്പിച്ചിരുന്നു.