അച്ഛന്റെ യൂണിഫോമണിഞ്ഞ് രണ്ട് വയസുകാരന്‍ ശിവമുനിയെത്തി; വീരമൃത്യുവരിച്ച ശിവചന്ദ്രന് അന്ത്യചുംബനം നല്‍കാന്‍

single-img
17 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ സി ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന്‍ യാത്രാമൊഴി നല്‍കിയത് അച്ഛന്റെ യൂണിഫോം അണിഞ്ഞ്. ഭര്‍ത്താവിന്റെ യൂണിഫോമിട്ട മകന്‍ ശിവമുനിയനെ നെഞ്ചടക്കി വെച്ച് കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു ഗാന്ധിമതി.

സര്‍ക്കാര്‍ ബഹുമതികളോടെ തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയില്‍ ഇന്നലെയാണ് ശിവചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അവധി കഴിഞ്ഞ് ശിവചന്ദ്രന്‍ നാട്ടില്‍ നിന്നും ജമ്മുകാശ്മീരിലേക്ക് പോയത്. അവധിക്ക് വന്നപ്പോള്‍ ശിവചന്ദ്രന്‍ ശബരിമല ദര്‍ശനത്തിനും എത്തിയിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തിലാണ് ശിവചന്ദ്രന്റെ സഹോദരന്‍ മരിച്ചത്. ആ വേദനയില്‍ നിന്നും മോചിതരാകുന്നതിന് മുമ്പാണ് കുടുംബത്തെ കാത്ത് മറ്റൊരു ദുരന്തം എത്തിയത്. മകന്റെ മരണ വാര്‍ത്ത പിതാവ് ചിന്നയ്യന് ഇതുവരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

മകന്റെ പഴയ യൂണിഫോം ധരിച്ചാണ് അദ്ദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്ക് എത്തിയത്. സഹോദരി ജയചിത്രയുടെ ഏക ആശ്രയവും ശിവചന്ദ്രനായിരുന്നു. ശിവചന്ദ്രന് ജോലി ലഭിക്കുന്നതു വരെ ഒരു ചെറിയ കുടിലിലാണ് കുടുംബം കഴിഞ്ഞിരുന്നത്. നേഴ്‌സിങ്ങ് ബിരുദധാരിയാണ് ഗാന്ധിമതി. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു ജോലി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.