‘ആജീവനാന്തം സ്ത്രീപക്ഷത്തെന്ന് വിശ്വസിച്ച നമ്മുടെ കരണത്തടിക്കണം’: നടന്‍ പൃഥ്വിരാജിനെതിരെ എഴുത്തുകാരി എസ്.ശാരദക്കുട്ടി

single-img
17 February 2019

നടന്‍ പൃഥ്വിരാജിന് മറുപടിയുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാമെന്നും അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ എന്നും പൃഥ്വി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പ്രതികരണവുമായാണ് ശാരദക്കുട്ടി രംഗത്ത് വന്നിരിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമ’യില്‍ ‘ഡയലോഗ്’ പറയുമ്പോള്‍, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്‌കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.

ഡയലോഗ് പ്രസന്റേഷനില്‍ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല. വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു.

ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരന്‍ ഞങ്ങള്‍ക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

അഞ്ജലി മേനോന്‍ പറഞ്ഞിട്ടാണ് wccക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയില്‍ തന്നെ പോകണമെന്ന വാശി എന്തിനാണെന്നു ചോദിച്ചതും പ്രിയ പൃഥ്വിരാജ്, ‘ മാനിയാം നിന്നുടെ താതനെ ‘ യോര്‍മ്മിപ്പിച്ചു.

എസ്.ശാരദക്കുട്ടി