എൽഡിഎഫ് വിജയിച്ച കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടിക വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല

single-img
17 February 2019

കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടിക വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിക്ക് ഒരു വോട്ട് പോലും ലഭിക്കാത്തത്  ചർച്ചയാകുന്നു. എൽഡിഎഫ് ആണ് ഇവിടെ വിജയിച്ചത്. പോളിങ് ശതമാനം കുറഞ്ഞിട്ടും എല്‍ഡിഎഫിനു ഭൂരിപക്ഷം കൂടുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി രമ യുഡിഎഫിലെ ഒവി ലതയെ 505 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 739 പേര്‍ വോട്ടു ചെയ്ത തെരഞ്ഞെടുപ്പില്‍ ഡി രമയ്ക്ക് 622  വോട്ടും ഒവി ലതയ്ക്ക് 117 വോട്ടും ലഭിച്ചു. കല്യാശ്ശേരി പഞ്ചായത്ത് ഓഫിസില്‍ വച്ചായിരുന്നു ഡി രമ പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തത്.

ജില്ലയില്‍ നടന്ന ഏക ഉപതെരഞ്ഞെടുപ്പാണ് അഞ്ചാം പീടിക വാര്‍ഡില്‍ നടന്നത്. ആകെയുള്ള 1132 വോട്ടര്‍മാരില്‍ 739 പേരാണ് ഇക്കുറി വോട്ടുചെയ്തത്.  കഴിഞ്ഞ തവണ 900 പേര്‍ വോട്ടുചെയ്തിരുന്നു . കഴിഞ്ഞതവണ 215 വോട്ടുനേടിയ യുഡിഎഫിന് ഇക്കുറി 117ലേക്ക് ഒതുങ്ങേണ്ടിവന്നുവെങ്കിലും  ജനങ്ങളെ ഞെട്ടിപ്പിച്ച ബിജെപിയുടെ തകർച്ചയായിരുന്നു.

നിലവിലെ പഞ്ചായത്ത് അംഗം എ ഇ കെ ലളിത സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.