ഇന്ത്യയുടെ ചടുലനീക്കം: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

single-img
17 February 2019

ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മിര്‍വയിസ് ഒമര്‍ ഫറൂഖ് ഉള്‍പ്പെടെ അഞ്ചുപേരുടെ സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. പാക് ബന്ധമുള്ള നേതാക്കള്‍ക്ക് സുരക്ഷ നല്‍കില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

ആര്‍മി കമാന്‍ഡര്‍, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. സൈനികവിഭാഗങ്ങളുടെ വന്‍ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ഇനി പ്രധാന റോഡുകളിലൊന്നിലും സിവിലിയന്‍ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

പാകിസ്ഥാന്റെയും ഐഎസ്‌ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കശ്മീരിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ ആഞ്ഞടിച്ചിരുന്നു. ‘ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.’ രാജ്‌നാഥ് സിംഗ് പറഞ്ഞു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളെയും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെയുമാണ് രാജ്‌നാഥ് സിംഗ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.

അതേസമയം ജവാന്മാരുടെ ജീവന് പകരംചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചന. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്.

ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ് സൈനികതീരുമാനം. ആണവായുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചില്ലെങ്കിലും പാകിസ്താന്‍ ഉപയോഗിച്ചേക്കുമെന്നതിനാല്‍ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണകൂടി ആര്‍ജിച്ച ശേഷമാവും കൂടുതല്‍ നീക്കം.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിനല്‍കാന്‍ സേനയ്ക്ക് കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെനടന്ന യോഗത്തില്‍, തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സ്വഭാവവും സംബന്ധിച്ച് തീരുമാനിക്കാന്‍ സൈനികമേധാവിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിനിടെ, ഓരോ തുള്ളി കണ്ണീരിനും പകരംചോദിക്കുമെന്ന് പ്രധാനമന്ത്രി ശനിയാഴ്ചയും ആവര്‍ത്തിച്ചു.

അതിനിടെ, അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലാണ് കേന്ദ്രഭരണകൂടം. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് അമേരിക്ക വെള്ളിയാഴ്ച പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ 48 രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണയറിയിച്ചു. നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തിയ ശേഷമാവും ഇന്ത്യയുടെ പഴുതടച്ചനീക്കമെന്നാണ് വിലയിരുത്തല്‍.