സ്ത്രീകളോട് മോശം പെരുമാറ്റം കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യമെന്ന് ത്രിപുര മുഖ്യമന്ത്രി

single-img
17 February 2019

കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടുള്ള ലോക രാജ്യങ്ങളിലും ഇന്ത്യയിലെ സംസ്ഥാനങ്ങളിലും സ്ത്രീകളോട് മോശമായുള്ള പെരുമാറ്റമാണ് അവരുടെ പാരമ്പര്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. തൃശൂര്‍ ചാവക്കാട്ട് ഭാരതീയ മല്‍സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യാനായിരുന്നു ത്രിപുര മുഖ്യമന്ത്രി.

കേരളത്തിലെ  സിപിഎം നടപ്പാക്കുന്നുവെന്ന് പറയുന്ന വനിതാ ക്ഷേമത്തേയും നവോത്ഥാനത്തേയും അദ്ദേഹം പരിഹസിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനെ പാര്‍ട്ടി ഓഫിസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ ക്രൂശിക്കാന്‍ ശ്രമിച്ച സര്‍ക്കാരാണിത്. സ്ത്രീകളുടെ ഉന്നമനത്തിനായി നിലക്കൊള്ളുന്നുവെന്ന് സിപിഎമ്മുകാര്‍ പറയുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആരാണ് നയിക്കുകയെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒരിക്കല്‍ക്കൂടി ഇന്ത്യ  ഭരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.