200 കിലോമീറ്റർ ഓടുന്നതിനിടെ 18 തവണ പണിമുടക്കി; കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്സ്പ്രസ് കട്ടപ്പുറത്തായി

single-img
16 February 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ വന്ദേഭാരത് തൊട്ടടുത്ത ദിവസം തന്നെ പണിമുടക്കി. ഉദ്ഘാടനച്ചടങ്ങിനുശേഷം വാരാണസിയിൽനിന്നു കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ബ്രെക്കുകൾ തകരാറിലായതാണ് ട്രെയിൻ പണിമുടക്കാനുള്ള കാരണം.

പുൽവാമയിൽ തീവ്രവാദി ആക്രമണം ഉണ്ടായ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിവേഗ ട്രെയിന്റെ ഉദ്ഘാടനം നടത്തിയത്. ഇത് വ്യാപക പ്രതിഷേധങ്ങൾക്കു ഇടയാക്കിയിരുന്നു. അതിനു പിന്നാലെയാണ് ട്രെയിൻ തന്നെ പണിമുടക്കി ഷെഡിൽ ആയത്.

ട്രാക്കിലേക്കു കയറിയ പശുവിനെ ഇടിച്ചപ്പോൾ ട്രെയിനിന്റെ ബ്രേക്ക് ജാമായതായും, ട്രെയിനിലെ ചില കോച്ചുകളിൽ വൈദ്യുതിയും നഷ്ടമായതായുമാണ് റിപ്പോർട്ട്. ഇതു പരിഹരിക്കുന്നതായി ട്രെയിൻ ഡൽഹിയിലേക്കു മാറ്റും. യാത്രക്കാരെ മറ്റൊരു ട്രെയിനിലേക്കു മാറ്റി ലക്ഷ്യസ്ഥാനത്തെത്തിച്ചു. നാളെ മുതല്‍ ട്രെയിനിന്റെ പ്രതിദിന സർവീസ് ആരംഭിക്കും എന്നാണു റെയിൽവേ അറിയിച്ചത്.

ട്രെയിൻ 18 എന്നറിയപ്പെടുന്ന എൻജിൻ ഇല്ലാത്ത ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തിയത്. രണ്ട് എക്സിക്യൂട്ടീവ് ക്ലാസുകൾ ഉൾപ്പെടെ 16 എസി കോച്ചുകളാണ് ട്രെയിനിലുള്ളത്.