തൊളിക്കോട് മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഇന്ന് പൊലീസില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന; ഖാസിമിയില്‍ നിന്ന് മുമ്പും മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടിയുടെ മൊഴി

single-img
15 February 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകന്‍ ഷഫീഖ് അല്‍ ഖാസിമി ഇന്ന് പൊലീസില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആകുന്നതുവരെ കീഴടങ്ങില്ല എന്നായിരുന്നു ഖാസിമി സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ബലാത്സംഗ കുറ്റം കൂടി ചുമത്തിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കപ്പെടില്ല. ഇതോടെ കീഴടങ്ങുന്നതാണ് അഭികാമ്യമെന്നു വക്കീല്‍ നിയമോപദേശം നല്‍കിയതായാണ് അറിയുന്നത്.

ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുന്‍പ് കീഴടങ്ങാന്‍ വക്കീല്‍ മുഖാന്തരം ഇമാമിന് പോലീസ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. കോട്ടയം എറണാകുളം ജില്ലകളിലെവിടെയോ ഇമാം ഒളിവിലുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഷാഡോ പൊലീസടക്കം രണ്ടു ടീമുകള്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്. അഭിഭാഷകനെ കാണാനെത്തിയ പ്രതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് അന്വേഷണം. ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ചനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയാറായിരുന്നില്ല. മൂന്ന് ദിവസം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

ഉമ്മയും ഇളയച്ചനും മൊഴി നല്‍കുന്നത് വിലക്കിയിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണോദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പ് ഡി അശോകന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളില്‍ നിന്നും വിശദമായ മൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.

മുമ്പും ഇമാമില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനം നടന്ന പേപ്പാറ വനമേഖലയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി ഇന്നലെ വൈകീട്ട് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

സ്‌കൂളില്‍ പോയ തന്നെ ഇമാം നിര്‍ബന്ധിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവം ആദ്യമായി കണ്ട സ്ത്രീകളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. സ്ത്രീകള്‍ ഇമാമിന്റെ കാര്‍ തടയുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ ഇവര്‍ പൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ ഉമ്മയും ബന്ധുക്കളും ഇന്നലെ രാത്രിയോടെ എത്തി മൊഴി നല്‍കി.