ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്

single-img
15 February 2019

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് കേന്ദ്രസര്‍ക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അന്ത്യോപചാരം അര്‍പ്പിച്ചു. രാജ്‌നാഥ് സിംഗും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗും സിആര്‍പിഎഫ് ക്യാമ്പിലെ മറ്റ് സൈനികര്‍ക്കൊപ്പം ആക്രമണത്തില്‍ മരിച്ച സൈനികരുടെ ശവമഞ്ചം ചുമക്കാന്‍ ഒപ്പം ചേര്‍ന്നു.

അതേസമയം ഭീകരാക്രമണം നടന്ന കശ്മീരിലെ അവന്തിപോര രാജ്‌നാഥ് സിങ് സന്ദര്‍ശിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര അതിര്‍ത്തികളിലും പ്രധാനനഗരങ്ങളിലും സുരക്ഷ ശക്തമാക്കി. വീരമൃത്യുവരിച്ച ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകീട്ടോടെ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കും.

ഗുരുതരമായി പരുക്കേറ്റവരെയും ആധുനിക ചികില്‍സയ്ക്കായി രാജ്യതലസ്ഥാനത്തേയ്ക്ക് കൊണ്ടുവരും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വര സൈന്യത്തിന്റെ കനത്ത കാവലിലാണ്. മേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ഭീകരാക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദിന് പ്രാദേശിക പിന്തുണ ലഭിച്ചെന്നാണ് പ്രഥാമികവിവരം. ദേശീയ അന്വേഷണ ഏജന്‍സി, ചാരസംഘടനയായ റോ എന്നിവ ഉള്‍പ്പടെയുള്ള ഉന്നത അന്വേഷണ ഏജന്‍സികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കശ്മീരിലെത്തി അന്വേഷണം ആരംഭിച്ചു.