കള്ളന് മാനസാന്തരം; മോഷ്ടിച്ച 25 പവന്‍ അഞ്ചുദിവസം കഴിഞ്ഞ് തിരിച്ചു നില്‍കി; സംഭവം കാസര്‍കോട്

single-img
15 February 2019

മോഷണ മുതല്‍ ഭാഗികമായി തിരിച്ചു നില്‍കി ഒരു കള്ളന്‍. കാസര്‍കോട്, കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ രമേശന്റെ വീട്ടില്‍ നിന്നു മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഇന്നലെ രാവിലെ വീട്ടുവളപ്പില്‍ നിന്ന് കണ്ടുകിട്ടി. എന്നാല്‍ സ്വര്‍ണത്തോടൊപ്പം നഷ്ടപ്പെട്ട അയ്യായിരം രൂപ തിരികെ ലഭിച്ചില്ല.

ഫെബ്രുവരി 10നാണ് ഒഴിഞ്ഞവളപ്പിലെ ഒ.വി.രമേശന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വളയും കരിമണിമാലയുമുള്‍പ്പെടെ 19 പവന്‍ ആഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. നഷ്ടപ്പെട്ട ആഭരണങ്ങള്‍ മുഴുവന്‍ ബാഗിലുണ്ടെന്ന് രമേശന്‍ പോലീസിനോടു പറഞ്ഞു.

പരാതിയില്‍ 25 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പറഞ്ഞിരുന്നത്. കൃത്യമായ തൂക്കം നോക്കിയിരുന്നില്ലെന്നും അതിനാലാണ് തെറ്റിപ്പോയതെന്നും രമേശന്‍ പറഞ്ഞു. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ കൊളുത്ത് ഇളക്കിമാറ്റി മുറിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നായിരുന്നു പരാതി.

മുറിയിലെ കോണ്‍ക്രീറ്റ് തട്ടിന് മുകളില്‍ ചാക്കില്‍ ചുറ്റിക്കെട്ടി വലിയ വളയും ഒരു മാലയും സൂക്ഷിച്ചിരുന്നു. മറ്റ് ആഭരണങ്ങള്‍ ചെറിയ ബാഗിലിട്ട് ഷെല്‍ഫിലും വച്ചിരുന്നു. താനും ഭാര്യയും മക്കളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നുവെന്നും പുലര്‍ച്ചെയാണ് മോഷണം നടന്നതായി മനസ്സിലായതെന്നും പരാതിയിലുണ്ട്.

ഞായറാഴ്ച തന്നെ പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും വിരലടയാളം ശേഖരിച്ച് അന്വേഷണം ശക്തിപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞതിനു പിന്നാലെയാണ് സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൊസ്ദുര്‍ഗ് പോലീസെത്തി ആഭരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കും. അതേസമയം വീട്ടുകാര്‍ പറയുന്നത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും ചില സംശയങ്ങള്‍ ബാക്കിയാണെന്നും ഹൊസ്ദുര്‍ഗ് എസ്.ഐ. എ.സന്തോഷ്‌കുമാര്‍ പറഞ്ഞു.