തൊളിക്കോട് മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തേടി

single-img
14 February 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മതപ്രഭാഷകനും തൊളിക്കോട് മഹല്ല് മുന്‍ ഇമാമുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പൊലീസ് ബലാല്‍സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. എസ്എടി ആശുപത്രിയിലെ ഡോക്ടര്‍ക്കും ചൈല്‍ഡ് ലൈനും പോലീസിനും പെണ്‍കുട്ടി മൊഴി നല്‍കി. അമ്മയുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടി ഇതുവരെ മൊഴി നല്‍കാതിരുന്നത്.

പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് പെണ്‍കുട്ടിയുടെ മൊഴിയെന്ന് ഡിവൈഎസ്പി ഡി.അശോകന്‍ പറഞ്ഞു. അതേസമയം, ഷഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തേടി.

തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ഇയാള്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. പരാതി നല്‍കിയ പള്ളി പ്രസിഡന്റ് സി.പി.എം പ്രവര്‍ത്തകനാണ്. എസ്.ഡി.പി.ഐ വേദിയില്‍ പ്രസംഗിച്ചതിന് തന്നോട് സി.പി.എമ്മിന് വൈരാഗ്യമുണ്ട്. സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. ബലമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴിയില്‍ വിശദീകരിക്കുന്നത്. ആറ് തൊഴിലുറപ്പ് തൊഴിലാളികളും ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പൊലീസിന് കൈമാറി.