ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഏഷ്യാനെറ്റ് സർവേയിൽ യുഡിഎഫ് മുന്നേറ്റം: വടക്കൻ കേരളത്തിൽ എൽഡിഎഫ് തൂത്തെറിയപ്പെടും

single-img
14 February 2019

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന്  ഏഷ്യാനെറ്റ്- എഇസഡ് റിസേര്‍ച്ച് പാട്ണര്‍ഷിപ്പ് സര്‍വ്വേ. യുഡിഎഫ് 14 മുതല്‍ 16 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ്  സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. . യുഡിഎഫ് ആകെ രേഖപ്പെടുത്തുന്ന വോട്ടില്‍ 44 ശതമാനം വോട്ട് നേടുമെന്നും പ്രവചനമുണ്ട്.

ഇടതുപക്ഷത്തിന് 30 ശതമാനം വോട്ട് വിഹിതമാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ എല്‍ഡിഎഫിന് ലഭിച്ചേക്കും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെയാണ് വിജയസാധ്യത കല്‍പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും സര്‍വ്വേ അവകാശപ്പെടുന്നു.

വടക്കന്‍ കേരളം യുഡിഎഫിനൊപ്പമാണെന്ന് സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് ഏഴോ എട്ടോ സീറ്റ് നേടും. എല്‍ഡിഎഫിന് സീറ്റ് കിട്ടാതിരിക്കുകയോ ഒന്നില്‍ ഒതുങ്ങുകയോ ചെയ്യുമെന്നും പഠനം പറയുന്നു.

ജനപ്രീതിയില്‍ മുന്നില്‍ ഉമ്മന്‍ചാണ്ടിയും രണ്ടാമത് വിഎസും; പിണറായിക്ക് പിന്തുണ 18 ശതമാനമെന്നുമാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. മധ്യകേരളത്തില്‍ യുഡിഎഫിന്റെ തിരിച്ചു വരവാണ് സര്‍വ്വേ പ്രവചിക്കുന്നത്. നാലോ അഞ്ചോ സീറ്റ് യുഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന് സീറ്റ് കിട്ടാതിരിക്കുകയോ ഒന്ന് മാത്രം ലഭിക്കുകയോ ചെയ്യുമെന്നും  പറയുന്നു.

തെക്കന്‍ കേരളത്തിലാണ് ബിജെപി ലോക്‌സഭാ അക്കൗണ്ട് തുറക്കുമെന്ന പ്രവചിക്കുന്നത്. സീറ്റ് കിട്ടാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ഫലങ്ങൾ പറയുന്നത്.