മോദിയുടെ നുണക്കഥകള്‍ പൊളിച്ച് ദേശീയ മാധ്യമങ്ങള്‍; ബിജെപി നേതാക്കള്‍ നെട്ടോട്ടത്തില്‍; റഫാലില്‍ മോദി സര്‍ക്കാര്‍ നിലംപതിക്കുമോ ?

single-img
12 February 2019

റഫാല്‍ ഇടപാടില്‍ ദുരൂഹതയേറുന്നു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമായി പാരീസില്‍ ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിലെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സമാന്തര ചര്‍ച്ചയെ കുറിച്ചും, കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളും ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ കേന്ദ്രത്തെ കുഴപ്പത്തിലാക്കി പുതിയ തെളിവുകള്‍ കൊണ്ടുവന്നത്.

റഫാലുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ് രാഹുലും കോണ്‍ഗ്രസും. മോദിയ്ക്ക് കാവല്‍ക്കാരന്റെയും കള്ളന്റെയും മുഖമാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആക്രമണം അഴിച്ചുവിട്ടത്.

അതേസമയം പ്രതിരോധ ഇടപാടുകളില്‍ പ്രധാനമന്ത്രി ഇടപെടുന്നത് അസാധാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര വിഷയങ്ങള്‍ വന്നാല്‍ മാത്രമേ പ്രധാനമന്ത്രി ഇടപെടാറുള്ളൂ. റഫാലില്‍ അത്തരമൊന്ന് ചൂണ്ടിക്കാട്ടാന്‍ കേന്ദ്രത്തിനാവുന്നില്ല.

2015ല്‍ പ്രധാനമന്ത്രി നടത്തിയ ഫ്രാന്‍സ് യാത്രയില്‍ പൊതു വിഷയങ്ങള്‍ മാത്രമാവും ചര്‍ച്ചയാവുകയെന്നാണ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നത്. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നരേന്ദ്ര മോദി റഫാല്‍ കരാര്‍ പ്രഖ്യാപിച്ചു. എന്തിനായിരുന്നു പ്രധാനമന്ത്രിയുടെ ഈ ഇടപെടല്‍ എന്ന ചോദ്യത്തിനു കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

ഇതിനിടയിലാണ് സമാന്തര ചര്‍ച്ചയുടെ വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചില്ലെന്ന കാര്യവും പുറത്തുവരുന്നത്. ഫ്രഞ്ച് സര്‍ക്കാര്‍ ഇടപാടിന് സോവറിന്‍ ഗ്യാരന്റി നല്‍കുന്നില്ലെന്ന കാര്യവും അറിയിച്ചത് സമാന്തര ചര്‍ച്ചയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഏഴംഗ സംഘം നടത്തിയ ചര്‍ച്ചയില്‍ സോവറിന്‍ ഗ്യാരന്റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സൊവറിന്‍ ഗ്യാരന്റി നിലവില്‍ ഇല്ലെന്ന കാര്യവും അത് സുപ്രീംകോടതിയെ അറിയിച്ചില്ലെന്നുമുളള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

എന്തായാലും ബൊഫോഴ്‌സ് പീരങ്കി ഇടപാട് രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തോല്‍വിക്കു വഴിവച്ചതുപോലെ റഫാല്‍ മോദി സര്‍ക്കാരിന്റെ അടിത്തറ ഇളക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 1,437 കോടി രൂപയുടെ ബൊഫോഴ്‌സ് പീരങ്കി ഇടപാട്, സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാര്‍ കൂടിയായിരുന്നു.

എന്തു ‘വില’ കൊടുത്തും കരാര്‍ നേടാന്‍ ബൊഫോഴ്‌സ് കമ്പനി മുതിര്‍ന്നതോടെ ഇന്ത്യയിലെയും സ്വീഡനിലെയും നിരവധി നേതാക്കള്‍ പ്രതിക്കൂട്ടിലായി. 64 കോടി രൂപയുടെ കോഴ വിതരണം ചെയ്‌തെന്ന വെളിപ്പെടുത്തലിന്റെ ആദ്യ വെടി പൊട്ടിച്ചതു സ്വീഡിഷ് മാധ്യമങ്ങളാണ്. പക്ഷേ ‘ദ് ഹിന്ദു’ നടത്തിയ തുടരന്വേഷണങ്ങള്‍ രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തോല്‍വിക്കു വഴിവക്കുകയായിരുന്നു.

‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട്

2015 മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നേരേന്ദ്ര മോദി റഫാല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിനും രണ്ടാഴ്ച മുന്നെ ആയിരുന്നു അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമായി പാരീസില്‍ ചര്‍ച്ച നടത്തിയത്. വളരെ രഹസ്യ സ്വഭാവമുള്ളതും വളരെ പെട്ടെന്ന് തീരുമാനിക്കപ്പെട്ടതുമായിരുന്നു കൂടിക്കാഴ്ചയെന്ന് വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റഫ് സലോമന്‍ വെളിപ്പെടുത്തിയിരുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യോഗത്തില്‍ അംബാനി എയര്‍ബസ് ഹെലികോപ്ടറുമായി ചേര്‍ന്ന് പ്രതിരോധ ഹെലികോപ്ടറും കൊമേഴ്‌സ്യല്‍ ഹെലികോപട്‌റും നിര്‍മിക്കുന്നതില്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചിരുന്നു. മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ ധാരണാപത്രം(എം.ഒ.യു) ഒപ്പുവക്കാനുള്ള സാധ്യത സംബന്ധിച്ച് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ധാരണാപത്രം തയാറായി വരുകയാണ് എന്നാണ് അംബാനി അറിയിച്ചത്.

തുടര്‍ന്ന് 2015 ഏപ്രില്‍ ഒന്‍പത് മുതല്‍ പതിനൊന്ന് വരെയുള്ള മോദിയുടെ ഔദ്യോഗിക ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് മോദിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദും റഫാല്‍ കരാര്‍ സംബന്ധിച്ചുള്ള പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തിയത്.

ഈ സന്ദര്‍ശനത്തില്‍ അനില്‍ അംബാനിയും പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. ഈ ആഴ്ച തന്നെയാണ് അംബാനിയുടെ പ്രതിരോധ കമ്പനിയും റഫാല്‍ കരാറിലെ ഇന്ത്യന്‍ പങ്കാളിയുമായ റിലയന്‍സ് ഡിഫന്‍സ് സ്ഥാപിതമായെതെന്നുമാണ് മറ്റൊരു കൗതുകം.

ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഓഫീസിനും റിലയന്‍സ് ഡിഫന്‍സിനും അയച്ച ഇമെയിലുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 2015 ഏപ്രില്‍ 8ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഫ്രഞ്ച് കമ്പനിയും പ്രതിരോധ മന്ത്രാലയവും സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍ ലിമിറ്റഡുമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ്.

പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് റഫാല്‍ കരാറുമായി ഒരു ബന്ധവും ഇല്ലെന്നും ജയശങ്കര്‍ അന്ന് പറഞ്ഞിരുന്നു. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്‍ 108 റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ് നേടിയിരുന്നുവെങ്കിലും പുതിയ കരാറില്‍ കമ്പനിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.