”റഫാല്‍ രേഖകള്‍ ചോര്‍ന്നത് പരീക്കറുടെ വസതിയില്‍നിന്ന്; അമിത് ഷാ എത്തിയത് അവ കൈക്കലാന്‍”

single-img
12 February 2019

ഹിന്ദു ദിനപത്രത്തിനടക്കം റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നുകിട്ടിയത് മനോഹര്‍ പരീക്കറുടെ വസതിയില്‍നിന്ന് ആവാം എന്ന് ഗോവ കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭു ആരോപിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച ഗോവയിലെത്തിയത് മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയില്‍നിന്ന് റഫാല്‍ രേഖകള്‍ കൈക്കലാക്കാനാണ്.

രേഖകള്‍ ഇനിയും ചോരില്ലെന്ന് ഉറപ്പാക്കുകയായിരുന്നു അമിത് ഷായുടെ ദൗത്യം. അതിനുവേണ്ടിയാണ് പരീക്കറുടെ വസതിയില്‍നിന്ന് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഴുവന്‍ അമിത് ഷാ കൈക്കലാക്കിയതെന്നും ജിതേന്ദ്ര ദേശ്പ്രഭു പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സുപ്രധാന രേകകള്‍ പരീക്കറുടെ വസതിയില്‍നിന്ന് അമിത് ഷാ കൈക്കലാക്കിയിരിക്കാം. അതില്‍ വിജയിച്ചാല്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ അവര്‍ക്ക് കഴിയും. ബിജെപി നേതൃത്വത്തെ ഇനിയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പരീക്കര്‍ക്ക് കഴിയാതെവരുമെന്നും ദേശ്പ്രഭു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും മാധ്യമ പ്രവര്‍ത്തകനും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ത്തന്നെ മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായതാണ്.

പരീക്കറുടെ വസതിയില്‍ നടന്ന 45 മിനിട്ടുനീണ്ട കൂടിക്കാഴ്ചയ്ക്കിടെ അവ അമിത് ഷാ കൈക്കലാക്കിയിരിക്കാം. അതിനുശേഷമാകാം പനാജിയില്‍ പാര്‍ട്ടിയുടെ ബൂത്ത് തല പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്തത്-ദേശ്പ്രഭു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.