ആന്ധ്രക്കുള്ള പണം മോദി അംബാനിക്ക് നൽകി: രാഹുൽ ഗാന്ധി

single-img
11 February 2019

ആന്ധ്രക്ക് നൽകേണ്ട പണം മോദി അംബാനിക്ക് നൽകിയെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഡൽഹിയിലെ ഏകദിന ഉപവാസം വേദിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

സമരത്തിനിടെ രൂക്ഷ വിമർശനം ആണ് ചന്ദ്രബാബു നായിഡുവും നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ചത്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധര്‍മ്മം പാലിച്ചില്ലെന്ന് മുമ്പ് വാജ്‌പേയി പറഞ്ഞിരുന്നു. അതുപോലെ തന്നെ ആന്ധ്രാ വിഷയത്തിലും രാജ്യധര്‍മ്മം പാലിക്കപ്പെട്ടില്ല. നമുക്ക് അവകാശപ്പെട്ടത് നിഷേധിക്കപ്പെടുകയാണ്. കിട്ടാത്തവ എങ്ങനെ വാങ്ങിക്കാം എന്ന് നമുക്കറിയാം”, ചന്ദ്രബാബു നായിഡു പ്രതിഷേധ സ്വരത്തില്‍ പറഞ്ഞു.

ആന്ധ്രക്ക് പ്രത്യേക പദവി എന്ന ആവശ്യം പാർലമെന്റ് അംഗീകരിച്ചതാണെന്നും അതു നടപ്പാക്കുക എന്നതാണ് ജനാധിപത്യ മര്യാദ എന്ന് മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ്ങും പറഞ്ഞു.

അതേസമയം ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യ തലസ്ഥാനത്ത് നടത്തുന്ന ഉപവാസം കേന്ദ്ര സർക്കാരിനെതിരായ ശക്തിപ്രകടനമായി മാറി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, സമാജ്‌വാദി പാർട്ടി മുൻ അധ്യക്ഷൻ മുലായം സിങ് യാദവ് ഉൾപ്പെടയുള്ള പ്രതിപക്ഷ നേതാക്കൾ സമരവേദിയിലെത്തി.