റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെട്ട് ഇളവുകള്‍ നല്‍കിയതിന് കൂടുതല്‍ രേഖകള്‍ പുറത്ത്: കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍

single-img
11 February 2019

റഫാല്‍ കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു ദിനപത്രം പുറത്തുവിട്ടിരിക്കുന്നത്.

ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്.

കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍ നിന്നോ എം.ബി.ഡി.എയില്‍ നിന്നോ പിഴ ഈടാക്കാനാകില്ല.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് വെളിപ്പെടുത്തലുണ്ടായത്.

അതിനിടെ റഫാല്‍ യുദ്ധ വിമാന ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും. തുടര്‍ന്ന് ഏത് നിമിഷവും റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വെയ്ക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ബുധനാഴ്ച്ച അവസാനിക്കും. എന്നാല്‍ സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചു കഴിഞ്ഞു.

രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനൊപ്പം സര്‍ക്കാരിനും സിഎജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കും. രാഷ്ട്രപതി ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും. സൈന്യത്തിനായി സമീപകാലത്ത് നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുക. ഇതില്‍ റഫാല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. യുദ്ധവിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമോയെന്ന് വ്യക്തമല്ല.