ആൾക്കൂട്ടത്തെ കണ്ട് അത് വോട്ടാണെന്ന് തെറ്റിദ്ധരിക്കരുത്: ബിജെപിക്ക് മുന്നറിയിപ്പുമായി പി പി മുകുന്ദൻ

single-img
11 February 2019

ആൾക്കൂട്ടത്തെ കണ്ട് അത്  വോട്ടാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് ബിജെപിക്കു മുന്നറിയിപ്പുനൽകി മുതിർന്നനേതാവ് പി പി മുകുന്ദൻ. വിവിധ പാർട്ടികളിലുള്ള അയ്യപ്പഭക്തരാണ് ശബരിമലയുടെ പേരിൽ നാമജപത്തിനിറങ്ങിയത്. ആൾക്കൂട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന്‌ ധരിക്കുന്നത് അപകടമാണ് -അദ്ദേഹം പറയുന്നു.  മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം ബി.ജെ.പി.യെ സമ്മർദത്തിനാക്കാനുള്ള തന്ത്രമല്ലെന്നും പി പി  മുകുന്ദൻ പറഞ്ഞു. താൻ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന പലരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദമഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലൂടെ ഹൈന്ദവർക്കിടയിൽ വലിയൊരു മൂവ്‌മെന്റ് ഉണ്ടായെന്നും എന്നാൽ  അത് സംഘടന എത്രകണ്ട് ഉപയോഗിച്ചെന്നതിലാണ് സംശയമശന്നും മുകുന്ദൻ പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കൽ ബി.ജെ.പി. നടത്തിയ സമരത്തെപ്പറ്റിയും ഇതാണ് പറയാനുള്ളത്. സമരം നടത്തേണ്ടത് പത്തനംതിട്ടയിലായിരുന്നു. ശബരിമലയിൽ വരുന്ന ഭക്തരെങ്കിലും കാണുമായിരുന്നു. നാമജപഘോഷയാത്രയ്ക്കുവന്ന വിശ്വാസികളെ വിസ്മരിക്കാനാവില്ല. വന്നവരെല്ലാം ബി.ജെ.പി.ക്കാരാണെന്ന്‌ കരുതരുത്. വ്യത്യസ്ത പാർട്ടിയിലുള്ളവരാണ് അവരെന്ന ബോധ്യം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയിൽ പുനഃസംഘടനയല്ല, പുനഃക്രമീകരണമാണ് വേണ്ടതെന്നും ജനസംഘത്തിന്റെ കാലംതൊട്ടേയുള്ള പ്രവർത്തകരെ പാർശ്വവത്കരിച്ചതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അവഗണന പരിഹരിച്ചില്ലെങ്കിൽ തിരഞ്ഞടുപ്പിനെ ബാധിക്കുമെന്നും  മുകുന്ദൻ മുന്നറിയിപ്പുനൽകി. പുതിയ ആൾക്കാർ വരുമ്പോൾ പഴയവരെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിയിലേക്ക് മടങ്ങിവരണമെന്ന് തന്നെയാണ് തൻ്റെ ആഗ്രഹമെന്നും  എന്നാൽ തന്നെ തിരിച്ചെടുക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മുകുന്ദൻ പറഞ്ഞു. ഞാൻ ഇതുവരെ പാർട്ടിക്കെതിരേ സംസാരിച്ചിട്ടില്ല. ആർഎസ്എസ് വേറെ, പാർട്ടി വേറെ. ആർ.എസ്.എസിനെ തള്ളിപ്പറയാൻ ഞാനുണ്ടാവില്ല. ആർഎസ്എസിലൂടെയാണ് ഞാൻ വളർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പല ചേരികൾ ഇന്ന് പാർട്ടിയിലുണ്ട്. തിരിച്ചുപോയവരുടെ കഴിവ് ഉപയോഗിക്കുന്ന  രീതി പാർട്ടിയിൽ ഉണ്ടാകണം. നേതൃത്വത്തിന്റെ കഴിവുകേട് നിരാശപ്പെടുത്തുന്നുവെന്നും  അദ്ദേഹം തുറന്നടിച്ചു. ഒരോ തവണ നിലപാടു മാറ്റുമ്പോഴും വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തുവർഷമായി താൻ പുറത്തുനിൽക്കുന്നുവെന്നും  തിരിച്ചെടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മുകുന്ദൻ പറഞ്ഞു. തടസ്സമുണ്ടെങ്കിൽ തിരിച്ചെടുക്കാൻ പറ്റില്ലെന്ന്‌ പറഞ്ഞാൽപ്പോരെയെന്നും മുകുന്ദൻ ചോദിച്ചു.