ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

single-img
11 February 2019

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. ഐപിസി 320, 120 ബി വകുപ്പുകള്‍ ചുമത്തി സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്‌. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ജയരാജനെ 32 ആം പ്രതിയായും ടിവി രാജേഷ് എംഎല്‍എയെ 33-ാം പ്രതിയുമായാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ളത്. നേരത്തെ പൊലീസ് ആക്റ്റ് 118 വകുപ്പ് പ്രകാരം, കൊലപാതകനീക്കം അറിഞ്ഞിരുന്നു എന്ന ദുര്‍ബലവകുപ്പാണ് ചുമത്തിയിരുന്നത്. ഇത് മാറ്റിയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നുള്ള കുറ്റം സിബിഐ ചുമത്തിയത്.

2012 ഫെബ്രുവരി 20 നായിരുന്നു എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂർ വധിക്കപ്പെട്ടത് എന്നാണു ആരോപണം.രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയിൽ ഈ കേസ്‌ വലിയതോതിൽ പൊതുജനശ്രദ്ധ നേടുകയുണ്ടായി.