മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി: വീഡിയോ

single-img
10 February 2019

സര്‍ക്കാറിനെ വിമര്‍ശിച്ചതിന് മുതിര്‍ന്ന നടനും സംവിധായകനുമായ അമോല്‍ പലേക്കറിന്റെ പ്രസംഗം ആവര്‍ത്തിച്ച് തടസപ്പെടുത്തി സംഘാടകര്‍. ആര്‍ട്ടിസ്റ്റ് പ്രഭാകര്‍ ബര്‍വെയുടെ സ്മരണക്കായി സംഘടിപ്പിച്ച ‘ഇന്‍സൈഡ് ദി ബോക്‌സ്’ എന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈയില്‍ സര്‍ക്കാര്‍ നടത്തുന്ന നാഷണല്‍ ഗാലറി മോഡേണ്‍ ആര്‍ട്ടിലായിരുന്നു പരിപാടി. സര്‍ക്കാറിന്റെ ചില തീരുമാനങ്ങളിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് അദ്ദേഹത്തിന്റെ പ്രസംഗത്തെ വേദിയിലുള്ളവര്‍ തടസപ്പെടുത്തിയത്.

ബ്യൂറോക്രാറ്റുകളോ സര്‍ക്കാര്‍ ഏജന്റുമാരോ അല്ലാതെ കലാകാരന്മാര്‍ അടങ്ങുന്ന ഉപദേശക സമിതി നിശ്ചയിക്കുന്ന അവസാനത്തെ പരിപാടിയായിരിക്കും ഭാര്‍വെ എക്‌സിബിഷനെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ വേദിയിലുണ്ടായിരുന്ന ചിലരും കേള്‍വിക്കാരും പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

പ്രഭാകര്‍ ഭാര്‍വെയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നായി ചിലര്‍. ഒരു ഘട്ടത്തില്‍ നിങ്ങള്‍ പ്രസംഗത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയാണോ എന്ന് പലേക്കര്‍ ചോദിച്ചു. പ്രാദേശിക കലാകാരന്മാരുടെ കമ്മിറ്റി പിരിച്ചുവിട്ട് എക്‌സിബിഷനും മറ്റും സംഘടിപ്പിക്കുന്നതൊക്കെ ഡല്‍ഹിയില്‍ നിന്നായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഈ ഘട്ടത്തില്‍ ഒരു സ്ത്രീയും എഴുന്നേറ്റ് പ്രസംഗം തടസ്സപ്പെടുത്തി. എന്നാല്‍ അദ്ദേഹം നിര്‍ത്തിയില്ല. എഴുത്തുകാരന്‍ നയന്‍താര സാഗലിനെ മറാത്തി സാഹിത്യോത്സവത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചെങ്കിലും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിമര്‍ശിക്കാനിടയുണ്ടെന്ന് മനസ്സിലാക്കി അവസാന നിമിഷം അവര്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കി. അത് തന്നെയാണോ ഇവിടെയും ആവര്‍ത്തിക്കാന്‍ നോക്കുന്നത്. അദ്ദേഹം ചോദിച്ചു.