ബിജെപിയെ വെട്ടിലാക്കി തിരുവനന്തപുരത്ത് പി പി മുകുന്ദന്‍ മത്സരിക്കാൻ ഒരുങ്ങുന്നു

single-img
9 February 2019

ബിജെപിയെ വെട്ടിലാക്കി തിരുവനന്തപുരത്ത് മുതിർന്ന ആർ എസ് എസ് നേതാവ് പി പി മുകുന്ദന്‍ മത്സരിക്കാൻ ഒരുങ്ങുന്നു. ശബരിമല പ്രശ്‌നം മുതലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നുമാണ് മുകുന്ദന്‍ പറയുന്നത്. കൂടാതെ ശിവസേന അടക്കമുള്ള ചില സംഘടനകള്‍ പിന്തുണയുമായി തന്നെ സമീപിച്ചതായും മുകുന്ദന്‍ വ്യക്തമാക്കി.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് സ്വതന്ത്രവേഷത്തിലിറങ്ങാന്‍ ആലോചിച്ചെങ്കിലും ഒ.രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടാണ് അന്ന് മുകുന്ദനെ പിന്തിരിപ്പിച്ചത്. പിന്നീട് പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന് നേതാക്കള്‍ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. കുമ്മനം രാജശേഖരന്‍ പ്രസിഡണ്ടായിരിക്കെ പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മുകുന്ദന്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ചില പരിപാടികളിലും സജീവമായി.

എന്നാൽ കുമ്മനം ഗവർണറായി പോയ ശേഷം അധ്യക്ഷനായി എത്തിയ ശ്രീധരൻ പിള്ളേ മുകുന്ദനെതിരെ നിലപാടെടുത്തതാണ് തിരിച്ചുവരവിന് തടസ്സം സൃഷ്ട്ടിച്ചത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. നടൻ മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കി തിരുവനന്തപുരം മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കം പൊളിഞ്ഞ ആഘാതത്തിൽ ഇരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് പുതിയ തലവേദനയാകും മുകുന്ദന്റെ ഈ നീക്കം.