ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഗുരുതര ആരോപണങ്ങള്‍; പി.എസിനെ മാറ്റിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

single-img
8 February 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയര്‍ത്തി മുന്നണികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ശക്തമാക്കിയതോടെ തിരുവനന്തപുരത്തും രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവം. തിരുവനന്തപുരം മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണമെന്ന ആശങ്കയിലാണ് സിപിഐയും ബിജെപിയും. എന്നാല്‍ കോണ്‍ഗ്രസിന് മുന്നില്‍ നിലവിലെ എംപിയായ ശശി തരൂരിന്റേതല്ലാതെ മറ്റൊരു പേരില്ല.

കഴിഞ്ഞ രണ്ടു തവണയും മണ്ഡലം കോണ്‍ഗ്രസിന് അനുകൂലമായാണ് നിലകൊണ്ടത്. അതുകൊണ്ട് തന്നെ ഹാട്രിക് ജയസാധ്യതയുമായി നിലകൊള്ളുന്ന ശശി തരൂരിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം. 2009 ല്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ശശി തരൂര്‍ കഴിഞ്ഞ തവണ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു.

രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വ്യതാസം 33000ത്തോളം വോട്ടും. തിരുവനന്തപുരത്ത് ത്രികോണ മല്‍സരത്തില്‍ ആര്‍ക്കും വിജയം അപ്രാപ്യമല്ലെന്ന് ചുരുക്കം. ശബരിമല വിവാദം അനുകൂല സാഹചര്യമൊരുക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായാണ് ബിജെപി തിരുവനന്തപുരത്തെ കാണുന്നത്.

അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ വളരെ കരുതലോടെയാണ്. ഇതിനിടയിലാണ് ശശി തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിലെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനത്തിനെതിരെ ചില കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയത്. പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത് തെരഞ്ഞെടുപ്പില്‍ എംപിക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തലുമുണ്ട്. പി.എസിന്റെ അനധികൃത ഇടപാടുകള്‍ക്കെതിരെയാണ് ചില നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. പല വ്യവസായ പ്രമുഖരുമായും ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് അനധികൃത ഇടപാടുകള്‍ ഉണ്ടെന്നാണ് പ്രധാന ആരോപണം.

പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി മറ്റ് പലര്‍ക്കും പി.എസ് വഴിവിട്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതായും ഇവര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് എംപിയോട് കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ലെന്നും ചില നേതാക്കള്‍ പറഞ്ഞു. നേരത്തെ തിരുവനന്തപുരത്ത് ഒരു മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ വിവാദം ഉണ്ടായിട്ടുണ്ട്.

ഒരു കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍:

‘എംപിയുടെ ശുപാര്‍ശക്കായി സമീപിച്ചാല്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകരെ ഇയാള്‍ കണ്ട ഭാവം നടിക്കില്ല. ജില്ലയിലെ പല വ്യവസായ പ്രമുഖരെയും ഇയാള്‍ അങ്ങോട്ട് ചെന്നു കണ്ട് കാര്യങ്ങള്‍ നടത്തികൊടുക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ല. ഓഫീസില്‍ പിഎസ് ഉള്ളപ്പോള്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും കാണാന്‍ ചെന്നാല്‍ മറ്റ് സ്റ്റാഫുകളോട് പിഎസ് എത്തിയിട്ടില്ല എന്നുപറഞ്ഞ് തിരിച്ചുവിടും. സ്‌കൂള്‍ അഡ്മിഷനോ മറ്റ് ശുപാര്‍ശക്കായോ എംപിയുടെ കത്തിനായി സമീപിച്ചാല്‍ മനപൂര്‍വ്വം വെച്ചു താമസിപ്പിക്കും. തരൂര്‍ അറിയാതെയാണ് പിഎസിന്റെ അനധികൃതമായ പല ഇടപാടുകളും. ഇയാളുടെ ചില ഇടപാടുകള്‍ കണ്ടാല്‍ തരൂരിന് പോലും അനധികൃത ഇടപാടുകളില്‍ പങ്കുണ്ടെന്ന് സംശയിച്ചുപോകും’.

എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റണമെന്നാവശ്യപ്പെട്ട് എഐസിസി നേതൃത്വത്തിനും ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുകയോ, അല്ലെങ്കില്‍ പ്രവര്‍ത്തന രീതി മാറ്റുകയോ ചെയ്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പി.എസിനെതിരെ ഗുരുതരമായ വെളിപ്പടുത്തലുകളും തെളിവുകളും പുറത്തുവിടുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ തോല്‍ക്കുകയോ വോട്ട് കുറയുകയോ ചെയ്താല്‍ അതിന് മുഴുവന്‍ ഉത്തരവാദി പിഎസ് ആയിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ പക്കല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.