ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ആർഎസ്എസിൻ്റെ സ്ഥാനാർഥി സാധ്യതാ ലിസ്റ്റിൽ ശശികുമാര വർമ്മയും; പത്തു മണ്ഡലങ്ങളിൽ സ്വതന്ത്രർ

single-img
7 February 2019

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ആർഎസ്എസിൻ്റെ സ്ഥാനാർഥി  സാധ്യതാ ലിസ്റ്റിൽ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പന്തളം കൊട്ടാരത്തിലെ ശശികുമാര വർമ്മയും.   പത്തനംതിട്ട ഉൾപ്പെടെ പത്ത് മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താന്നാണ് ആര്‍എസ്എസ് ആലോചിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍ ബിജെപി നേതൃത്വത്തിന് കൈമാറി.

തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ഏഴ് പേരുടെ സാധ്യത പട്ടികയാണ് കൈമാറിയത്. പട്ടികയില്‍ സുരേഷ് ഗോപിയുടെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ ഉള്‍പ്പെടുന്നു.  ഇതിൽ മോഹൻലാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായി മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  മണ്ഡലങ്ങളുടെ മനസ്സ് അറിയാന്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ആര്‍എസ്എസ് സര്‍വെ നടത്തിയിരുന്നു. ബിജെപി നേതാക്കളെ പൂര്‍ണമായി മാറ്റി നിര്‍ത്തി 20 മണ്ഡലങ്ങളുടെയും ചുമതല ആര്‍എസ്എസ് ഏറ്റെടുത്തതിന് പിന്നാലെയാണ് സർവേ നടന്നത്.   സർവേയുടെ അടിസ്ഥാനത്തിൽ പത്തോളം മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരിഗണിക്കാനുള്ള നീക്കമാണ് ആർഎസ്എസ് നടത്തുന്നത്.

ഈ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ പൊതു സ്വതന്ത്രനായി ശശികുമാര വര്‍മ്മയുള്‍പ്പടെയുള്ളവരുടെ ലിസ്റ്റ് ബിജെപി നേതൃത്വത്തിന് കൈമാറിയത്. സ്ഥാനാര്‍ത്ഥികളുടെ സാധ്യതയും ന്യൂനതകളും സര്‍വെയില്‍ തേടിയിരുന്നു. കൂടുതല്‍ പൊതുസ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ വോട്ടുകള്‍ ലഭിക്കാനും കഴിയുമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍.

തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള പ്രമുഖനേതാക്കളെ മണ്ഡലങ്ങളിലെത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.