‘സിബിഐ, ഐബി, ആദായനികുതി, റോ, ലോകത്തിലെ ഏതു ഏജന്‍സി വിചാരിച്ചാലും എന്നെ കീഴ്‌പ്പെടുത്താനാകില്ല’; 2013ല്‍ പറഞ്ഞ വാക്കുകള്‍ മോദിയെ തിരിഞ്ഞുകൊത്തുന്നു

single-img
7 February 2019

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകേസുകളില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. എതിരാളികളെ വരുതിക്കു നിര്‍ത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ രംഗത്തിറക്കുന്നുവെന്നു പ്രതിപക്ഷ കക്ഷികളുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ഈ സംഭവം.

ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് ആരോപിച്ച മമതയ്ക്കു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന രാജ്യത്തെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ് സിബിഐ.

ഇതിനിടയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തത്. ഇതോടെ മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ ദുരുപയോഗപ്പെടുത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം ബലപ്പെടുത്തിയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ 2013ല്‍ മോദി പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ‘ഡല്‍ഹിയിലെ ഭരണാധികാരികള്‍ അധികാരത്തിലേക്കുള്ള ഞങ്ങളുടെ യാത്ര തടയാന്‍ ശ്രമിക്കുകയാണ്. ഭയപ്പെടുത്താന്‍ സിബിഐയെ നിയോഗിച്ചിരിക്കുന്നു.

സിബിഐ, ഐബി, ആദായനികുതി, റോ എന്നിവയോ ലോകത്തിലെ ഏതു ഏജന്‍സിയോ വിചാരിച്ചാലും എന്നെ കീഴ്‌പ്പെടുത്താനാകില്ല’–.2013 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തിലെ ആര്‍പ്പുവിളികള്‍ക്കിടെ നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയില്‍നിന്നു മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായപ്പോള്‍ മോദി പറഞ്ഞ അതേവാചകം ഇപ്പോള്‍ പ്രതിപക്ഷം ഏറ്റുപിടിച്ചിരിക്കുകയാണ്.