സ്ഥലം മല്ലപ്പള്ളിയാണ്, നാട്ടുകാർ ജാഗരൂകരും; ടൂറിസ്റ്റ് ബസിലെ യാത്രക്കാര്‍ ഉപേക്ഷിച്ച മാലിന്യം ടൂറിസ്റ്റ് ബസിൻ്റെ ഉടമയെക്കാെണ്ട് തിരിച്ചെടുപ്പിച്ച് നാട്ടുകാർ

single-img
7 February 2019

മല്ലപ്പള്ളിയിലെ നാട്ടുകാർ പ്രതികരണശേഷിയുള്ളവരാണെന്ന് ലോകത്തിന് മനസ്സിലായി. ഒരു സംഘമാളുകൾ കാണിച്ചുകൂട്ടിയ സാമൂഹികവിരുദ്ധ നടപടിക്ക് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം ഉണ്ടാക്കിയാണ് നാട്ടുകാർ ജനശ്രദ്ധ നേടിയത്. മല്ലപ്പള്ളിയിലെ റോഡരികിൽ ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാർ ഉപേക്ഷിച്ച് മാലിന്യങ്ങൾ ടൂറിസ്റ്റ് ബസ് ഉടമയെക്കാണ്ട്  നാട്ടുകാർ തിരിച്ചെടുപ്പിച്ചു.

പത്തനംതിട്ട മല്ലപ്പളളിയില്ലാണ് റോഡില്‍ മാലിന്യം തളളിയ ടൂറിസ്റ്റ് ബസ് ഉടമയെക്കാെണ്ടാണ് നാട്ടുകാർ മാലിന്യം തിരിച്ചെടുപ്പിച്ചത്. നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസിലെ യാത്രക്കാര്‍ ഉപേക്ഷിച്ച മാലിന്യം ടൂറിസ്റ്റ് ബസിൻ്റെ ഉടമ തിരിച്ചെടുത്തത്. തുടർന്ന് ബസ് ഉടമ  ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും അനധികൃത മാലിന്യ നിക്ഷേപം നടത്തുന്നവരെ കുറിച്ച് വിവരം ധരിപ്പിക്കുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണമാണ് മേഖലയില്‍. ഇതൊന്നുമറിയാതെ കേരളത്തിലെ മറ്റു സ്ഥലങ്ങളെ പോലെയാണ് മല്ലപ്പള്ളിയും  എന്നു ധരിച്ച കോട്ടയത്തുനിന്ന് മല്ലപ്പള്ളി വഴി പത്തനാപുരത്തേക്ക് പോയ ടൂറിസ്റ്റ് ബസാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇരയായത്.

ബസിലുള്ളവര്‍ പ്രഭാത ഭക്ഷണം കഴിക്കാനായി വൈഎംസിഎ. ജംഗ്ഷനാണ് തെരഞ്ഞെടുത്തത്. അമ്പതോളം വരുന്ന യാത്രക്കാര്‍ ആഹാരം കഴിക്കുന്നതിനായി ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ്, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയവ സമീപത്തെ പുരയിടത്തിലും ഓടയിലും നിക്ഷേപിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ നാട്ടുകാരന്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  റെജി ശാമുവേലിന് പരാതി നല്‍കുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷം നാലാമത്തെ സംഭവമാണിതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊതുജന സഹകരണം തേടിയ പ്രസിഡൻ്റ് വിവരങ്ങൾ ഉടൻ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് പരാതി കൈമാറി. പിന്നീട് ബസിന്റെ ഉടമസ്ഥനെ കണ്ടെത്തി ഫോണിലൂടെ പ്രശ്‌നത്തിന്റെ ഗൗരവം അറിയിക്കുകയായിരുന്നു.

മാലിന്യം സ്വന്തം നിലയില്‍ ഉടന്‍ നീക്കം ചെയ്ത് വിവരം അറിയിച്ചാൽ തുടര്‍നടപടി സ്വീകരിക്കില്ലെന്നു പ്രസിഡൻറ് ബസ് ഉടമയെ അറിയിച്ചു. ഉടമസ്ഥന്‍ ബസ് ജീവനക്കാരെ മൊബൈലിലൂടെ വിവരം ധരിപ്പിക്കുകയും ബസ് തിരികെ വന്ന് യാത്രക്കാര്‍ ഉപേക്ഷിച്ച മാലിന്യം തിരിച്ചെടുക്കുകയുമായിരുന്നു. തുടർന്നു ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.