കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി വാട്‌സാപ്പ്: പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു

single-img
5 February 2019

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. വാട്‌സാപ്പിന്റെ ഐഒഎസ് ആപ്പിലാണ് ഈ മാറ്റം. ഇതുവഴി വാട്‌സാപ്പ് ലോക്ക് ചെയ്തുവെക്കാന്‍ ഫെയ്‌സ് ഐഡിയും അല്ലെങ്കില്‍ ടച്ച് ഐഡിയും ഉപയോഗിക്കാം.

വാട്‌സാപ്പിന്റെ 2.19.20 അപ്‌ഡേറ്റിലാണ് ഈ ഫീച്ചഫുള്ളത്. ആപ്പിള്‍ ഐഫോണ്‍ ടെന്‍, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ ആര്‍ ഫോണുകളിലാണ് ഫെയ്‌സ് ഐഡി സൗകര്യമുള്ളത്. എന്നാല്‍ മറ്റ് ഐഫോണുകളിലെല്ലാം ടച്ച് ഐഡി സംവിധാനമുണ്ട്.

ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതിന് Settings > Account > Privacy  Screen Lock തിരഞ്ഞെടുത്താല്‍ മതി. അതിന് ശേഷം ഒരോ തവണയും വാട്‌സാപ്പ് തുറക്കുമ്പോള്‍ ടച്ച് ഐഡിയോ, ഫെയ്‌സ് ഐഡിയോ നല്‍കേണ്ടി വരും. ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് പുതിയ പ്രത്യേകതകള്‍.

വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യാനുള്ള സമയപരിധിയും നിശ്ചയിക്കാം. അതായത് ലോക്ക് ചെയ്ത് ഒരു മിനിറ്റിന് ശേഷം, 15 മിനിറ്റിന് ശേഷം, അല്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷം അണ്‍ലോക്ക് ചെയ്യാനാകും വിധം സമയ പരിധി നിശ്ചയിക്കാം. അപ്പോള്‍ നല്‍കിയ സമയത്തിന് ശേഷമേ വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യാനാകൂ.

ടച്ച് ഐഡിയും, ഫെയ്‌സ്‌ഐഡിയും പരാചയപ്പെടുന്നിടത്ത് പാസ് കോഡ് നല്‍കി അണ്‍ലോക്ക് ചെയ്യുകയുമാവാം. ഇതേ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് വാട്‌സാപ്പ് എന്ന് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.