മാർച്ച് ഒന്ന് മുതൽ യുവാക്കൾക്ക് തൊഴിലില്ലാ വേതനം: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനൊരുങ്ങി മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ

single-img
5 February 2019

മാർച്ച് ഒന്ന് മുതൽ യുവാക്കൾക്ക് തൊഴിലില്ലാ വേതനം നൽകാൻ തയ്യാറെടുത്ത് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ നടപ്പാക്കാനാണ് ഇരു സംസ്ഥാന സർക്കാരുകളുടെയും ശ്രമം. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിലും തൊഴിലില്ലാ വേതനം പ്രഖ്യപിച്ചിരുന്നെങ്കിലും കൃത്യമായ പദ്ധതി മാർഗ്ഗ രേഖകൾ തയ്യാറാകാത്തതിനാൽ പദ്ധതി ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു മാത്രമേ നടപ്പാക്കൂ.

മധ്യപ്രദേശിൽ യുവ സ്വാഭിമാൻ യോജന എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിമാസം നാലായിരം രൂപയാണ് തൊഴിലില്ലാ വേതനമായി നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്. തൊഴിലില്ലാ വേതനത്തിനൊപ്പം വെള്ളക്കരം പിരിക്കുക, വൈദ്യൂതി ബില്ല് വീടുകളിലെത്തിക്കുക തുടങ്ങിയ തൊഴിലുകളിൽ പരിശീലനം നൽകാനും സർക്കാരിന് പദ്ധതി ഉണ്ട്.

ബിരുദധാരികളായ കുടുംബത്തിലെ ഒരാൾക്ക് തൊഴിലില്ലാ വേതനം നൽകാനാണ് രജസ്ഥാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുരുഷൻമാർക്ക് മൂവായിരവും സ്ത്രീകൾക്ക് മൂവായിരത്തി അഞ്ഞൂറ് രൂപയുമായാണ് രാജസ്ഥാൻ സർക്കാർ നല്കാനുദ്ദേശിക്കുന്ന തൊഴിലില്ലാ വേതനം. ബാങ്കുകൾ വഴി നേരിട്ട് പണമെത്തിക്കുന്നതാണ് സർക്കാർ ശ്രമം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർഷകരെയും യുവാക്കളെയും ലക്ഷ്യമിടുന്ന കോൺഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിലെ പദ്ധതികൾ ചൂണ്ടിക്കാട്ടിയാവും പ്രചാരണം നടത്തുക.