ഓര്‍ മത്സ്യങ്ങള്‍ തീരത്തടിഞ്ഞു: ഭൂകമ്പ മുന്നറിയിപ്പെന്ന് ജനം

single-img
5 February 2019

ഉള്‍ക്കടലില്‍ കാണപ്പെടുന്ന ഓര്‍ മത്സ്യങ്ങള്‍ തീരത്തടിഞ്ഞതില്‍ ജപ്പാന്‍കാര്‍ക്ക് ആശങ്ക. പൊതുവേ ഭൂകമ്പ ഭീഷണിയാല്‍ വലയുന്ന ജപ്പാന്‍കാര്‍ക്ക് മീനുകളുടെ വരവ് ദുരന്തഭീഷണിയായിരിക്കുകയാണ്. ഭൂകമ്പത്തിന് മുന്നോടിയായി ഓര്‍ മീനുകള്‍ തീരത്തടിയുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

ജപ്പാന്‍കാരുടെ വിശ്വാസത്തിന് ശാസ്ത്രീയമായി തെളിവുകളില്ലായിരുന്നെങ്കിലും ഇവരുടെ വിശ്വാസം ബലപ്പെടാന്‍ കാരണം 2011 ല്‍ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. 20,000 ത്തിലേറെപ്പേരുടെ ജീവന്‍ അപഹരിച്ച ഫുകുഷിമ ദുരന്തത്തിന് മുമ്പ് ഒരു ഡസനോളം ഓര്‍ മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നു.

ജാപ്പനീസ് ഭാഷയില്‍ ‘റ്യുഗു നോ സുകായി’ എന്നാല്‍ കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്‍ എന്നാണ് അര്‍ഥം. കടലില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ അത് മുന്നറിയിപ്പുമായി തനിയെ ജപ്പാന്‍തീരത്ത് വന്നടിയും എന്നാണ് വിശ്വാസം. വെള്ളിനിറത്തില്‍ തിളങ്ങുന്ന തൊലിയുള്ള ഈ മത്സ്യത്തിന് 11 മീറ്റര്‍ വരെ നീളമുണ്ടാകും.

മൂന്നു തരക്കാരുണ്ട് ഓര്‍മത്സ്യങ്ങളില്‍. അതില്‍ വലിയ ഇനമാണ് ദുരന്ത ദൂതന്‍. ഓര്‍മത്സ്യങ്ങള്‍ ഉള്‍ക്കടലിലാണ് വസിക്കുന്നത്. ഇവ തീരത്തെത്തുന്നത് അസാധാരണമാണ്. ഭൂകമ്പസാധ്യതക്കൊന്നും ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും ചിലപ്പോള്‍ ആഗോള താപനവുമായി ബന്ധപ്പെട്ട മാറ്റങ്ങളാവാം ഇവ തീരത്തടിഞ്ഞതിന് കാരമെന്ന് വിദഗ്ധരുടെ അഭിപ്രായം.