മോദി രാജ്യത്തിന്റെ ബിഗ്‌ബോസാണെന്ന് ധരിക്കരുത്; ജനാധിപത്യമാണ് വലുത്: തുറന്നടിച്ച് മമത

single-img
5 February 2019

മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ് ബോസെന്ന് മമതാ ബാനര്‍ജി. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല, രാജ്യത്തെ കോടിക്കണക്കായ ആളുകള്‍ക്കുവേണ്ടിയാണ്. ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവന്‍ രാജ്യത്തിന്റേത് കൂടിയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമതാ ബാനര്‍ജി പറഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനത്തിലും അതിന്റേതായ അധികാര പരിധികളുണ്ട്. ഭാവി പരിപാടി പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തീരുമാനിക്കുമെന്നും മമത പറഞ്ഞു.

അതേസമയം ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി 21ലേക്ക് മാറ്റി.

കോടതിയലക്ഷ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് സെക്രട്ടറിയോെടും ഡിജിപിയോടും ഫെബ്രുവരി 19ന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കമ്മീഷണര്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഫെബ്രുവരി 20നകം നോട്ടീസിന് മറുപടി നല്‍കണം.

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി പരിശോധിച്ച് ഇവര്‍ക്കെതിരായ കേസില്‍ തീരുമാനമെടുക്കും. ഷില്ലോങ്ങില്‍ വെച്ചു വേണം കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെന്നും കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് അപേക്ഷകളാണ് സി.ബി.ഐ. കോടതിയില്‍ നല്‍കിയിരുന്നത്.

ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാതെ കൈമാറണമെന്നാവശ്യപ്പെട്ടുള്ളതാണ് ഒന്ന്. സുപ്രീംകോടതിയുടെ വിധിയും ഉത്തരവുകളും ലംഘിച്ചുവെന്നു കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയാണ് രണ്ടാമത്തേത്.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചിരുന്നു. ഭരണഘടനാ സംവിധാനത്തെയും ഫെഡറല്‍ വ്യവസ്ഥയെയും തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മമത ബാനര്‍ജി ആരോപിച്ചിരുന്നു.