നടി ഭാനുപ്രിയക്കെതിരായ കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്; പെണ്‍കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

single-img
5 February 2019

നടി ഭാനുപ്രിയയുടെ വീട്ടിൽനിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ രക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ചെന്നൈ ടി നഗർ പോണ്ടി ബസാർ പോലീസ്. ഭാനുപ്രിയയുടെ വീട്ടിൽ ജോലിക്കുനിന്നിരുന്ന പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ജനുവരി 25-ന് ചൈൽഡ് ഹോമിലേക്ക് മാറ്റിയിരുന്നു. നടിയുടെ പരാതിയിൽ ഈ കുട്ടിയുടെ അമ്മയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നെന്നും പോലീസ് അറിയിച്ചു.

ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്നും പൊലീസ് പറയുന്നു. ജനുവരി 25 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി  ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഭാനുപ്രിയയ്ക്കെതിരെ കേസെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പതിനാലുകാരിയായ പെണ്‍കുട്ടിയെ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നാണ് പരാതി.  

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ നടി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് രം​ഗത്ത് വന്നത്. മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത്.  മകളെ കാണാനോ ഫോൺ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും വീട്ടമ്മ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍  ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

എന്നാൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നൽകി. തന്റെ വീട്ടിൽ നിന്ന് വസ്തുക്കളും സ്വർണ്ണവുമുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോൾ ചില സാധനങ്ങൾ മാത്രം തിരികെ നൽകുകയും ബാക്കിയുള്ളവ പിന്നീട് നൽകാമെന്ന് പറയുകയുമായിരുന്നുവെന്നാണ് ഭാനുപ്രിയ വെളിപ്പെടുത്തിയത്. പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറഞ്ഞിരുന്നു.

ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ബാലാവകാശ പ്രവർത്തകർ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് തിങ്കളാഴ്ച രാവിലെ മുതലാണ് പ്രചരണമുണ്ടായത്. ഇക്കാര്യം ചെന്നൈയിലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ അധികൃതരും സ്ഥിരീകരിച്ചിട്ടില്ല.

കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ദേശീയ സമിതി നടത്തിയ റെയ്ഡിലാണ് മൂന്നു പെൺകുട്ടികളെ കണ്ടെത്തിയതെന്നായിരുന്നു പ്രചാരണം. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തകൻ അച്യുത റാവു ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷന് കത്തയച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ഇത്തരം ഘട്ടങ്ങളിൽ തങ്ങളുടെ മുൻകൂർ അനുമതി നേടിയ ശേഷം മാത്രമാണ് പരിശോധനകൾ നടത്താറുള്ളതെന്നും, ആരും അനുമതി തേടിയിരുന്നില്ലെന്നും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പ്രസിഡന്റ് ഗിരിജ കുമാർ അറിയിച്ചു. ചിലപ്പോൾ ഭാനുപ്രിയയുടെ ആന്ധ്രയിലെ വീട്ടിലായിരിക്കാം പരിശോധന നടത്തിയതെന്നും അവർ പറഞ്ഞു.