‘കേരളത്തില്‍ ദേശീയ നേതാക്കള്‍ മത്സരിക്കേണ്ട; പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിച്ചാല്‍ പോലും വിജയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളത്; തുറന്നടിച്ച് കെ സുരേന്ദ്രന്‍

single-img
4 February 2019

കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പില്‍ പരാജയം മണക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്‍എസ്എസ് ഒരു സംഘടനയാണ്. എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അധികാരം സിപിഎമ്മിന് ആരാണ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.

കോടിയേരിയുടെയും സിപിഎമ്മിന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ല. കോടിയേരി പരാജയ ഭീതിയില്‍ നിന്നാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ ശക്തി സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ മനസിലാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബിജെപി ദേശീയ നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമില്ല. കേരളത്തിലെ നേതാക്കള്‍ ഇവിടെ മത്സരിക്കാന്‍ പ്രാപ്തരാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിച്ചാല്‍ വിജയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

എന്‍.എസ്.എസ് രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു. എന്‍.എസ്.എസ് നേരത്തേയും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് എന്‍.എസിന് നല്ലത്.

അല്ലങ്കില്‍ അവര്‍ രാഷ്ട്രീയ നിലപാട് തുറന്ന് പറയണം. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം. അല്ലാതെ നിഴല്‍ യുദ്ധം വേണ്ടെന്നാണ് സുകുമാരന്‍ നായരോട് പറയാനുള്ളതെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.