ഹർത്താലിനിടയിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രചാരക് അറസ്റ്റിലായി; ഇയാൾ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും പ്രതി

single-img
3 February 2019

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് അറസ്റ്റിലായത്. തമ്പാനൂര്‍ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.

നൂറനാട് സ്വദേശിയായ പ്രവീണ്‍ സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. ഒരു വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും ഇയാള്‍ പ്രതിയാണ്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടത്തിയ ഹർത്താലിലാണ് ആക്രമണം നടന്നത്.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് അടക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. നെടുമങ്ങാട് എസ്.ഐ ബാങ്കിലെത്തുകയും നിര്‍ബന്ധിച്ച് ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ച ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ എസ്ഐയേയും പൊലീസിനെയും ആക്രമിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ ഇവരെ രക്ഷപ്പെടുത്തിയിരുന്നു.  തൊട്ടുപിന്നാലെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചിലരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെയാണ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞത്.