പഴയ പെട്ടിയും തൂക്കി പ്രായമായ അമ്മയുടെ കയ്യും പിടിച്ചയാൾ വന്നു, തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അതേ പെട്ടിയും തൂക്കി അയാൾ മടങ്ങിപ്പോവും… നഷ്ടം ഭാരതത്തിന്: സോഷ്യൽമീഡിയയിൽ മോദിക്കായി ബിജെപിയുടെ വ്യാജ ഫോട്ടോ പ്രചരണം

single-img
2 February 2019

ഫോട്ടോഷോപ്പും  അതുവഴിയുള്ള ഫോട്ടോ പ്രചരണവുമൊക്കെ  ഇക്കാലമത്രയും ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തിയ വസ്തുതകളാണ്.  കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വ്യാജമായി നിർമിച്ച നിരവധി ചിത്രങ്ങളാണ് ബിജെപി പ്രചരണത്തിനായി  ഉപയോഗിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് തറ തുടക്കുന്ന ചിത്രവും മറ്റും ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ട കാര്യങ്ങളാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കേ  പുതിയ ചിത്രവുമായി ബിജെപി വീണ്ടും സോഷ്യൽ മീഡിയയിൽ രംഗപ്രവേശം ചെയ്തിരിക്കുന്നു.  ഇത്തവണ പ്രധാനമന്ത്രി മോദിക്കൊപ്പം അമ്മയും കൂടി ചിത്രത്തിൽ ഉണ്ടെന്നുള്ളതാണ് പ്രത്യേകത. മോദി അമ്മയുടെ കയ്യും പിടിച്ചു റെയിൽവേ പ്ലാറ്റ്ഫോമിൽ കൂടി നടക്കുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

`തൻ്റെയാ പഴയ പെട്ടിയും തൂക്കി പ്രായമായ അമ്മയുടെ കയ്യും പിടിച്ചയാൾ വന്നു. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അതേ പെട്ടിയും തൂക്കി വന്ന വഴിക്കു തന്നെ അയാൾ മടങ്ങിപ്പോവും… ഓർക്കുക ഭാരതമേ, നഷ്ടം നിനക്കു മാത്രം..` എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

സംഘപരിവാറിൻ്റെ നേതൃത്വത്തിലുള്ള നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചിത്രം പ്രചരിക്കുന്നുണ്ട്.