സുപ്രീംകോടതി ഹിന്ദുക്കളുടെ വികാരം മാനിച്ചില്ല; തുറന്നടിച്ച് മോഹന്‍ ഭാഗവത്

single-img
1 February 2019

കോടതി ഉത്തരവുകൊണ്ട് ശബരിമല വിശ്വാസികളെ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇത് ഹിന്ദുസമൂഹത്തെ ആകെ അസ്വസ്ഥമാക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജില്‍ കുംഭമേളയോടനുബന്ധിച്ച് വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സന്‍സാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാമെന്നുള്ള സുപ്രീം കോടതി വിധി ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ ഭക്തര്‍ എന്ന നിലയിലല്ല, കോടതിയിലെ പരാതിക്കാര്‍ എന്ന നിലയില്‍ ഹിന്ദു സമൂഹത്തിന്റെ പ്രക്ഷോഭത്തെ തങ്ങള്‍ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികളായ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുവാദമാണ് കോടതി നല്‍കിയത്. അവരെ ആരെങ്കിലും തടഞ്ഞാല്‍ സംരക്ഷണം നല്‍കണമെന്നും പറഞ്ഞിരിക്കുന്നു. എന്നാല്‍, യുവതികളായ വിശ്വാസികള്‍ക്കാര്‍ക്കും അവിടെ പോകാന്‍ താത്പര്യമില്ല.

അതിനാല്‍ ശ്രീലങ്കയില്‍നിന്ന് യുവതിയെ കൊണ്ടുവന്ന് പിന്‍വാതിലിലൂടെ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഭാഗവത് ആരോപിച്ചു. ഹിന്ദു സമൂഹത്തെ വിഭജിക്കാന്‍ നിരവധി നീക്കങ്ങള്‍ നടക്കുന്നുണ്ട്. മത നവോത്ഥാനത്തിലൂടെ ഹിന്ദു സമൂഹം ഒന്നാകേണ്ടതിന്റെ മണിക്കൂറുകളാണിതെന്നും ആര്‍എസ്എസ് തലവന്‍ കൂട്ടിച്ചേര്‍ത്തു.